കോഴിക്കോട്: ദുബായില്‍ ജയില്‍ മോചിതനായ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണ് കാരണക്കാര്‍ എന്നവകാശപ്പെട്ട ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.
ഫേസ്ബുക്ക് വഴിയായിരുന്നു ശോഭയുടെ അവകാശവാദം. അറ്റ്ലസ് രാമചന്ദ്രന്റെ മോചനം സാര്‍ത്ഥകമാക്കാന്‍ സഹായിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി. ഇതിനായി അഹോരാത്രം യത്‌നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാര്‍ വി കെ സിങ് , സുഷമാ സ്വരാജ് , മറ്റ് കേന്ദ്ര നേതാക്കള്‍ ആയ മുരളീധര്‍ റാവു , രാം മാധവ് എന്നിവര്‍ക്കും ഒപ്പം ഇത് ശ്രദ്ധയില്‍ പെടുത്തിയ എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ , മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന്‍ , ബി ജെ പി നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ അരവിന്ദ് മേനോന്‍ എന്നീ സന്മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ചെറിയൊരു പങ്കെങ്കിലും വഹിക്കാന്‍ ഉള്ള അവസരം കിട്ടിയതിനാല്‍ ഈ വാര്‍ത്ത വ്യക്തിപരമായും ഒരുപാട് സന്തോഷം പകരുന്ന ഒന്നാണ്. ഈ അവസരത്തില്‍ മോചനശ്രമങ്ങള്‍ക്ക് കൂടെ നിന്ന ഏവര്‍ക്കും ഒരായിരം നന്ദി. എന്നായിരുന്നു ശോഭയുടെ പോസ്റ്റ്.
എന്നാല്‍ ഈ അവകാശവാദത്തെ പൊളിച്ചടുക്കിയാണ് പോസ്റ്റിന് താഴേ കമന്റുകള്‍ വരുന്നത്. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദ്ദേഹം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കൈരളി ടി.വിയിലെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും എന്തിനാണ് ഇത്തരത്തില്‍ കടിച്ച് തുങ്ങുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
എട്ടുകാലി മമ്മൂഞ്ഞാവുകയാണ് ശോഭാസുരേന്ദ്രന്‍ എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്ന ഖലീജ് ടൈംസിന്റെ ലിങ്കും ചിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ദുബായ് കോടതി വിധിച്ച മൂന്നര വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി എന്നാണല്ലോ ഗള്‍ഫ് ന്യൂസും ഖലീജ് ടൈംസും റിപ്പോര്‍ട്ട് ചെയ്‌തേക്കുന്നത്? പൊതുപ്രവര്‍ത്തകര്‍ക്ക് സത്യസന്ധത വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം പക്ഷെ ജനങ്ങള്‍ വിഢികളാണെന്നു ചിന്തിക്കരുത് എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
മുമ്പ് ബന്ധുക്കളുടെ അപേക്ഷയെതുടര്‍ന്ന് അന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ ജയില്‍മോചനത്തിനുള്ള വഴിതെളിയുന്നുവെന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നും ഇത്തരം പ്രചരണങ്ങള്‍ കാരണം ബാങ്കുകള്‍ കൂടുതല്‍ പ്രകോപിതരാവുന്നെന്നും ദയവ് ചെയ്ത് ഇത്തരം പ്രചരണങ്ങള്‍ നടത്തരുതെന്നും രാമചന്ദ്രന്റെ ഭാര്യ ഇന്ദിര അഭ്യര്‍ത്ഥിച്ചിരുന്നു.
2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.ശിക്ഷാ കാലാവധി ഈ ആഗസ്റ്റിലാണ് അവസാനിക്കാനിരിക്കുന്നത്.
ഈ കേസില്‍ ശിക്ഷാ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം ബാക്കിയുള്ളപ്പോഴാണ് ബാങ്കുകളുമായി ധാരണയിലാവുന്നത്. മാത്രമല്ല മാനുഷിക പരിഗണന നല്‍കി 75 വയസ്സ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസിലൊഴികെ ജയിലില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന യു.എ.ഇ ജയില്‍വകുപ്പിന്റെ നടപടിയും അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു.
ജയില്‍ മോചിതനായാലും കടംവീട്ടിയാല്‍ മാത്രമേ അദ്ദേഹത്തിന് യു.എ.ഇ വിട്ട് പോകാന്‍ കഴിയൂ. നിലവിലെ കണക്കുപ്രകാരം പലിശയടക്കം 500 കോടി രൂപയിലേറെ രാമചന്ദ്രന്‍ കൊടുത്തുതീര്‍ക്കാനുണ്ട്.