മാനന്തവാടി: പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലൂടെ വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച നടന്‍ ടൊവിനോയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം നടന്നത്.
കൈയടി മാത്രമേ നിങ്ങള്‍ സ്വീകരിക്കുള്ളൂവെന്നുണ്ടെങ്കില്‍ ഫാന്‍സ് അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മാത്രം പങ്കെടുക്കാന്‍ ശ്രമിക്കുക. ക്യാമ്പസുകളില്‍ നിന്ന് നിങ്ങള്‍ കൈയടി മാത്രമേ പ്രതീക്ഷിക്കുന്നുള്ളോ?. കൈയടിയെക്കാളുച്ചത്തില്‍ കൂവിയും മുദ്രാവാക്യം വിളിച്ചുമാണ് ഓരോ കലാലയങ്ങളും വിദ്യാര്‍ഥികളും രൂപപ്പെടുന്നത്. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ലെന്ന് ഗവേഷക വിദ്യാര്‍ത്ഥിയായ വിഷ്ണുരാജ് തൂവായൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് ടൊവിനോയുടെ ഈ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടൊവിനോയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കെ.എസ്.യു അറിയിച്ചു.
ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവുകയായിരുന്നു. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ടൊവിനോ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി നിര്‍ബന്ധം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. അതില്‍ ഒതുക്കാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്‌റ്റേജില്‍ നിന്ന് മടക്കിയ അയപ്പിച്ചത്.