തിരുവനന്തപുരം: ആര്‍ട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച മാതൃഭൂമിയുടെ മുന്‍ പേജ് വാര്‍ത്തക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയ.
ഉത്തരക്കടലാസ് എതാണ് എന്നും രജിസ്‌ട്രേഷന്‍ ഫോം എതാണെന്നും തിരിച്ച് അറിയാന്‍ കഴിയാതെയാണോ വാര്‍ത്ത തയ്യാറാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
‘വിദ്യാഭ്യാസമുള്ള ഒരുത്തനും ഇല്ലടെയ് നിങ്ങടെ പത്രത്തില്‍’ എന്നാണ് മാധ്യമ പ്രവര്‍ത്തകയായ ഷാഹിന നഫീസ ഫേസ്ബുക്കില്‍ കുറിച്ചത്.
‘തലയ്ക്കകത്ത് മിനിമം സെന്‍സും പിന്നെ കുറച്ച് സെന്‍സിബിലിറ്റിയും ഇല്ലാത്തവര് പണിക്കിറങ്ങിയാല്‍ മര്യാദയ്ക്ക് ജോലി ചെയ്യുന്നവര്‍ക്ക് കൂടി എടങ്ങേറാകും’ എന്ന് ന്യൂസ് 18 ചാനലിലെ അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചു.
‘കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ആയിരിക്കാന്‍ തുടങ്ങിയിട്ട് 16 അക്കാദമിക് വര്‍ഷം പിന്നിട്ടു. മൂന്ന് കോഴ്‌സുകളിലായി എഴുപതോളം പേപ്പറുകള്‍ പരീക്ഷ എഴുതി പാസായി. (സപ്ലിയുടെ കണക്ക് വേറെ) അന്നൊന്നും ഇങ്ങനെ ഒരു ഉത്തര കടലാസ് കണ്ടിട്ടില്ല. സര്‍വകലാശാലയുടെ ഉത്തരക്കടലാസില്‍ കോളജിന്റെ പേര് എഴുതുന്നത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കടലാസ് കെട്ടിന്റെ മുന്‍ പേജ് രജിസ്‌ട്രേഷന്‍ ഫോമും അല്ല. പരീക്ഷ ഒറ്റയ്ക്കാണ് എഴുതുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പങ്കെടുക്കുന്ന രീതിയില്‍ അല്ല സര്‍വകലാശാലയുടെ ഒരു പരീക്ഷയും. ഉത്തര കടലാസില്‍ ഡേറ്റും അച്ചടിക്കില്ല. ഇതൊക്കെ വ്യക്തമായിട്ടും ചിത്രം ക്രോപ് ചെയ്ത് ഉത്തര കടലാസ് ആയി പ്രചരിപ്പിക്കുന്നത് എന്ത് ബോധ്യത്തിലാണ്.? വായനക്കാരെ മാധ്യമ പ്രവര്‍ത്തകന്‍ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്.’ എന്ന് ശ്യാം ദേവരാജ് മേപ്പുറത്ത്
ഫേസ്ബുക്കില്‍ കുറിച്ചു.
ചില പ്രതികരണങ്ങള്‍ കാണാം.
യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസ് എന്ന നിലയില്‍ പത്രം നല്‍കിയത്.
‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭുമി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്.
പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത്.
എസ്.എഫ്.ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടിയാണ് യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായും പത്രം പറയുന്നുണ്ട്.
നേരത്തെ, യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു.
കേരള സര്‍വകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.
അതേസമയം, ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇരുവരും കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.
DoolNews Video