| Saturday, 29th June 2019, 11:35 am

മനോരമ പത്രത്തിനെതിരെ സോഷ്യല്‍ മീഡിയ: രോഗിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ സ്ത്രീകളടക്കമുള്ള ആദിവാസികളുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മദ്യപിച്ച് അവശരായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളെ കാണാനെത്തിയ ആദിവാസികളുടെ ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ സോഷ്യല്‍ മീഡിയ. ആശുപത്രിയിലെത്തിയത് ആദിവാസികളായതുകൊണ്ടാണ് മനോരമ ഈ വിഷയത്തില്‍ അവരുടെ സ്വകാര്യത പോലും മാനിക്കാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതെന്നും മറ്റേതെങ്കിലും പ്രമുഖരോ ആണ് അവരുടെ സ്ഥാനത്തെങ്കില്‍ സാധാരണ ഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ ഫോട്ടോ കൊടുക്കാറില്ലെന്നുമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

മദ്യപിച്ച് അവശരായി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളെ കാണാനെത്തിയ പാലക്കല്‍ ചെമ്പില്‍ ആദിവാസി കോളനിയിലെ അന്തേവാസികള്‍ എന്ന അടിക്കുറിപ്പോടെ മനോരമ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെയാണ് പ്രതിഷേധം. രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ചിത്രത്തിലുള്ളത്. ഫോട്ടോയെടുക്കുന്നതുകണ്ട് സ്ത്രീകള്‍ മുഖം മറക്കുന്നുമുണ്ട്. എന്നിട്ടുകൂടി ഈ ചിത്രം പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ആദിവാസികളാണ്, അവര്‍ പ്രതികരിക്കില്ലെന്ന ധാര്‍ഷ്ട്യമാണെന്നാണ് വിമര്‍ശനമുയരുന്നത്.

‘ദുര്‍ബലരില്‍ ദുര്‍ബലരായ മനുഷ്യരെ ചിലര്‍ കാണുന്ന കണ്ണാണിത്. സ്വകാര്യതയുടെ അവകാശങ്ങള്‍ അവര്‍ക്കുള്ളതായി, അവരെ സ്വതന്ത്രപരമാധികാര പൗരന്‍മാരായി തിരിച്ചറിയാത്ത കാഴ്ച്ചയാണ് ഈ ചിത്രത്തിലുള്ളത്. അതില്‍ ജാഗ്രതക്കുറവിന്റെ പ്രശ്‌നമേയില്ല. മനുഷ്യരാണ്. നിങ്ങള്‍ക്കിടയില്‍ ജനിച്ചു പോയി, അവരെ ജീവിക്കാനുവദിക്കണം. ഒരുപകാരവും ചെയ്യണ്ട. അവരെയിങ്ങനെ വാര്‍ത്താമസാലയുടെ ഉപ്പും മുളകും തിരുമ്മി വെയിലത്തു നിര്‍ത്തരുത്.’ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പുകളിലൊന്ന്.

‘രോഗിയെ കാണാന്‍ വരുന്നവരുടെ ഫോട്ടോ എന്നു മുതലാണ് പത്രത്തില്‍ കൊടുക്കാന്‍ തുടങ്ങിയത്.’ എന്നും ചിലര്‍ ചോദിക്കുന്നു.

‘ഇവരുടെ സ്വകാര്യതയ്ക്ക് എന്ത് വിലയാണെടാ നീയൊക്കെ കൊടുക്കുന്നത്..?
എന്താടാ ഇവര്‍ ചെയ്ത കുറ്റം…?
ആശുപത്രിയില്‍ കിടക്കുന്നവരെ കാണാന്‍ വന്നതോ..? ‘ എന്നാണ് മറ്റൊരു പ്രതികരണം.

‘രോഗിയെ കാണാന്‍ വന്നവരുടെ പടം എടുത്തിടുന്ന ഊള മാധ്യമ ധര്‍മ്മം.. അവര്‍ക്ക് താല്പര്യമില്ല എന്നത് ആ ചിത്രത്തില്‍ നിന്നു തന്നെ വ്യക്തമാണ്.’ മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more