| Saturday, 23rd May 2020, 3:19 pm

'ഈ കുട്ടിയുടേത് മനോഹരമായ ഒരു കഥയല്ല, ദയവ് ചെയ്ത് പട്ടിണിയെ കാല്പനികവത്ക്കരിക്കരുത് ' ഇവാന്‍ക ട്രംപിനെതിരെ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലെത്താന്‍ ഏഴ് ദിവസങ്ങളിലായി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 കാരിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും സീനിയര്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.

ഇന്ത്യന്‍ ജനതയുടേയും സൈക്ലിംങ് ഫെഡറേഷന്റെയും സര്‍ഗശക്തിയാണ്
സഹനത്തിന്റെയും സ്‌നേഹത്തിന്റെയും മനോഹരമായ ഈ സാഹസം എന്നാണ് ഇവാന്‍ക വാര്‍ത്ത പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഇതിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരികയായിരുന്നു.

”ശരിക്കും നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ലേ? ഇന്ത്യയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ഈ കുട്ടിയും കുടുംബവും കടന്നുപോകുന്ന ഏറ്റവും ദുര്‍ഘടമായ അനുഭവമാണ് ഇത്. അല്ലാതെ ആ കുട്ടിക്ക് പ്രൊഫഷണല്‍ സൈക്ലിസ്റ്റ് ആകാനുള്ള ആഗ്രഹം കൊണ്ടല്ല” എന്നാണ് ഇവാന്‍കയുടെ ട്വീറ്റിന് താഴെ ഇക്കണോമിസ്റ്റായ രൂപ സുബ്രഹ്മണ്യ കമന്റ് ചെയ്തത്.

‘മറ്റൊരു മനുഷ്യന്റെ ദുരിതം ആഘോഷമാക്കുന്നത് നാണംകെട്ട കാര്യമാണ്. പക്ഷേ ട്രംപിന്റെ മകളില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്’, വിനയ് കുമാര്‍ ദൊഗാനിയ എന്ന ഉപയോക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സാധാരണക്കാരന്റെ പട്ടിണിയെ കാല്പനികവല്‍ക്കരിക്കരുത് എന്നായിരുന്നു ഭൂരിപക്ഷം പേരുടേയും പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more