ജെറുസലേം: ഇസ്രഈലിന്റെ സൈനിക നടപടികളാല്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമ്രാജ്യത്വ വിരുദ്ധലോകം. ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ കുറിച്ച് ചര്‍ച്ച ഉയരുന്നത്.
ഗസയെ ലോകരാഷ്ട്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമ്പോഴും ആ രാജ്യങ്ങളിലെ പൗരന്മാര്‍ ഫലസ്തീന് പിന്തുണ അറിയിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലൂടെയാണ് പൗരന്മാര്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കിക്കുന്നത്.
ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ 41,870 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തില്‍ 97,166 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 256 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഉറ്റവര്‍ കണ്മുന്നില്‍ മരിച്ചുവീഴുമ്പോഴും ഫലസ്തീനികള്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും വെള്ളക്കൊടി വീശുകയാണെന്ന് പൗരന്മാര്‍ പറയുന്നു.
ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. പ്രത്യാക്രമണത്തില്‍ 1200 ഇസ്രഈലികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇസ്രഈല്‍ ഗസയ്ക്കെതിരെ യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഓരോ ആക്രമണത്തിന് ശേഷം തങ്ങളുടെ ലക്ഷ്യം ഹമാസാണെന്ന് പറയുന്ന ഇസ്രഈലിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്, ഹമാസ് ഭരണത്തിലില്ലാത്തതും നിങ്ങള്‍ക്ക് നിയന്ത്രണമുള്ളതുമായ വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ആക്രമണം നടത്തുന്നതെന്നാണ്.
ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ ഗസയുടെ മുഴുവന്‍ ആരോഗ്യ സംവിധാനത്തെയും ജനവാസ മേഖലകളെയും തകര്‍ത്തുകളഞ്ഞതായും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയ്ക്ക് താഴെ തുരങ്കമുണ്ടെന്നും ഇവിടെ നിന്നാണ് ഹമാസ് ഇസ്രഈലിനെ പ്രതിരോധിക്കുന്നതെന്നും നെതന്യാഹു ഭരണകൂടം ആരോപിച്ചിരുന്നു.
ഈ തുരങ്കം കണ്ടെത്തുന്നതിനായി അല്‍ ഷിഫയ്ക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ നിരവധി ഫലസ്തീനികളുടെ ജീവനുകളാണ് എടുത്തത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ കൂട്ടക്കുഴിമാടങ്ങളും കബറുകളില്‍ അവയവങ്ങളില്ലാത്ത ശരീരങ്ങളുമാണ് ഗസയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ അല്‍ ഷിഫയ്ക്ക് കീഴെ തുരങ്കങ്ങളുണ്ടെന്ന വാദം ഇസ്രഈലിന്റെ ഫാന്റസി മാത്രമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
ഗസയില്‍ നടക്കുന്നത് ഹമാസിനെതിരായ യുദ്ധമല്ലെന്നും ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനം. ഗസയിലേക്ക് നോക്കുമ്പോള്‍, ഹമാസ് ആയുധങ്ങള്‍ കൈവശം വെച്ചതുകൊണ്ടാണ് ഫലസ്തീനികള്‍ മരിച്ചുവീഴുന്നതെന്ന് പറയുന്നതില്‍ കൗതുകം തോന്നുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
റെയ്ഡിനിടെ കൊല്ലപ്പെട്ട ഫലസ്തീന്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിച്ച് അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥരോടും ആക്രമണത്തില്‍ തലയും കാലുകളും നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ടിക് ടോക്ക് ചെയ്യുന്ന സൈനികരോടും പുച്ഛം തോന്നുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഫലസ്തീനില്‍ നടക്കുന്ന യുദ്ധം ഹമാസുമായി ബന്ധമുള്ളതല്ലെന്നും, ആയിരുന്നെങ്കില്‍ വെസ്റ്റ് ബാങ്കിലെയും ജെനിനിലെയും റോഡുകളും വീടുകളും ഇസ്രഈല്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കില്ലായിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
അതേസമയം ലോകരാഷ്ട്രങ്ങള്‍ പോലും ഗസയിലെ യുദ്ധത്തിന് മുന്നില്‍ കണ്ണടച്ച് നിന്നപ്പോള്‍ ഇസ്രഈലിനെതിരെ വെര്‍ച്വല്‍ സമൂഹം ഒന്നിക്കുകയുണ്ടായി. ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഭൂരിഭാഗം ഫലസ്തീനികളും അഭയം തേടിയത് റഫ അതിര്‍ത്തിയിലായിരുന്നു.
ഈ മേഖലയെ ഇസ്രഈല്‍ പിന്നീട് ജനവാസ യോഗ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രഈല്‍ റഫയിലും ആക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് ഇസ്രഈലിന്റെ ഈ നീക്കം കാരണമായേനെ.
റഫയിലെ ഏതാനും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രഈലി സൈന്യം ആക്രമണം നടത്തുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇസ്രഈലിനെതിരെ രംഗത്തെത്തിയത്. റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ #ALL EYES ON RAFAH എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചിരുന്നു. ഫലസ്തീന് അതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പിന്തുണക്ക് തന്നെയായിരുന്നു അപ്പോള്‍ ലോകം സാക്ഷ്യം വഹിച്ചത്.
തുടര്‍ന്ന് ഫലസ്തീന്‍ പത്രപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്ത റഫയില്‍ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ.ഐ ജനറേറ്റഡായ ഒരു ഇമേജിനൊപ്പമായിരുന്നു ഹാഷ്ടാഗ് പ്രചരിച്ചത്. റഫയിലെ അഭയാര്‍ത്ഥി ക്യാമ്പുകളുടെ ചിത്രമായിരുന്നു അതിലുണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം ആളുകളാണ് ഈ ഹാഷ്ടാഗ് ഷെയര്‍ ചെയ്തത്. അതേസമയം എക്‌സില്‍ ഇതേ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലുമായിരുന്നു. പ്രസ്തുത ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയതിന് പിന്നാലെ അമേരിക്ക ടിക് ടോക്ക് നിരോധിക്കുകയുമുണ്ടായി.
ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങള്‍ വലതുപക്ഷ അനുയായികളുടെ സൈബറാക്രമണത്തിന് ഇരകളായിരുന്നു. സംവിധായികയും നടിയുമായ പൂജ ഭട്ട്, ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മയുടെ പങ്കാളി ഋതിക സജ്ദെ എന്നിവര്‍ക്കെതിരെ ബോയ്കോട്ട് ആഹ്വാനങ്ങളാണ് രാജ്യത്ത് ഉയര്‍ന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ടാണ് റഫയില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയത്. കുട്ടികളടക്കം 45 ഫലസ്തീനികളാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റഫയിലെ സൈനിക നടപടി ഉടനെ അവസാനിപ്പിക്കണമെന്നും ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ റഫാ അതിര്‍ത്തി തുറക്കണമെന്നുമായിരുന്നു ഐ.സി.ജെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ കോടതി ഉത്തരവിനെ വകവെക്കാതെ ഇസ്രഈല്‍ കൂടുതല്‍ ബ്രിഗേഡുകളെ റഫയില്‍ വിന്യസിക്കുകയായിരുന്നു.
Content Highlight: Social media against Israel again