ന്യൂദല്‍ഹി: പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കായി പിസ വിതരണം ചെയ്തതിന് പിന്നാലെ കര്‍ഷക പ്രതിഷേധം കെട്ടിച്ചമച്ചതാണെന്ന് പലരും ആക്ഷേപമുന്നയിച്ചിരുന്നു. ഈ പ്രചരണത്തിനെതിരെയാണ് ഇപ്പോള്‍ സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘കര്‍ഷകര്‍ വിഷം കഴിക്കുന്നത് ആരും ശ്രദ്ധിച്ചു പോലുമില്ല. ഇപ്പോള്‍ അവര്‍ പിസ കഴിക്കുമ്പോള്‍ അത് വാര്‍ത്തയാകുന്നു,’ പഞ്ചാബി ഗായകന്‍ ദില്‍ജിത് ദൊസാന്‍ഝ് ട്വീറ്റ് ചെയ്തു. കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തെയും താരം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ പിസ വിതരണം ചെയ്തത്. ഷാന്‍ബീര്‍ സിംഗ് സന്തു എന്നയാളും കൂട്ടുകാരും ചേര്‍ന്നായിരുന്നു പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി വിരുന്നൊരുക്കിയത്. പിസക്കുള്ള മാവ് കൊടുക്കുന്ന കര്‍ഷകര്‍ക്ക് ഒരു പിസ കഴിക്കാനുള്ള ശേഷിയുണ്ടെന്നായിരുന്നു ഷാന്‍ബീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കര്‍ഷകര്‍ പിസ കഴിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകസമരം കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധിക്കുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരെല്ലെന്നുമുള്ള വിദ്വേഷ പ്രചരണങ്ങള്‍ ആരംഭിച്ചത്. ഇത് പ്രതിഷേധമാമോ അതോ ഫൈവ് സ്റ്റാര്‍ സ്പായോ ആരാണ് ഇതിനെല്ലാം പണം നല്‍കുന്നതെന്നും ഇവര്‍ ആരോപണമുന്നയിച്ചിരുന്നു.
ഈ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുയരുന്നത്. ‘കര്‍ഷകര്‍ ചത്ത എലിയെ കഴിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ അവര്‍ പിസ കഴിക്കുമ്പോള്‍ ആര്‍ക്കും അടങ്ങിയിരിക്കാനാവുന്നില്ല. ചിലര്‍ക്ക് എക്കാലവും കര്‍ഷകര്‍ പാവപ്പെട്ടവരായിരിക്കണം. അവരെ നിസ്സഹായരും കഷ്ടത അനുഭവിക്കുന്നവരുമായി മാത്രം കാണാനാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്.’ യൂട്യൂബര്‍ ധ്രുവ് റാഠി ട്വീറ്റ് ചെയ്തു.
പിസയുണ്ടാക്കാനാവശ്യമായ എല്ലാ ഭക്ഷ്യ വസ്തുക്കളും ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് അത് കഴിക്കാനുള്ള അവകാശമില്ലെന്ന് ആരാണ് പറയുന്നത്. അങ്ങനെ പറയുന്നവരോട് പോയി പണി നോക്കാന്‍ തിരിച്ചു പറയണമെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.
അതേസമയം വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കര്‍ഷകരുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുതലെടുപ്പ് നടത്താനൊരുങ്ങുകയാണ് ബി.ജെ.പിയും കേന്ദ്ര നേതൃത്വവും.
തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരം ആരംഭിച്ച് സമരം ശക്തമാക്കാനൊരുങ്ങവെയാണ് സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.
കര്‍ഷക സമരത്തിന് പിന്നില്‍ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ പറഞ്ഞത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ലെഫ്റ്റിസ്റ്റ് ജാതിയില്‍പെടുന്നവരാണെന്നായിരുന്നു കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. ഇവര്‍ തന്നെയാണ് കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണമെന്നും സി.എ.എ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് കര്‍ഷകര്‍ രണ്ടാംഘട്ട സമരത്തിന് തുടക്കമിട്ടത്. രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Social Media against hate campaign against Farmers after they ate pizza during the protest, Diljit Dosanjh and dhruv Rathee