| Thursday, 6th June 2019, 1:35 pm

മസൂദ് അസറിനും ബി.ജെ.പി ഇന്ത്യന്‍ പൗരത്വം നല്‍കും; അയാള്‍ തീരുമാനിക്കുകയാണെങ്കില്‍: ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കുടിയേറ്റക്കാരുടെ വിഷയത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. ബംഗ്ലാദേശി നടി അഞ്ജു ഘോഷിന്റെ ബി.ജെ.പി പ്രവേശത്തിനു പിന്നാലെയാണ് വിമര്‍ശനം.

‘എല്ലാ ബംഗ്ലാദേശി കുടിയേറ്റക്കാരും ചിതലുകളാണെന്നാണ് അമിത് ഷാ പറഞ്ഞത്. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ബംഗ്ലാദേശി നടി അഞ്ജു ഘോഷ് ഒഴികെ. അവര്‍ക്കിപ്പോള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും, ഡ്രൈവിങ് ലൈസന്‍സും വോട്ടര്‍ കാര്‍ഡും പാന്‍ കാര്‍ഡുമൊക്കെയുണ്ടാവുമെന്ന് എനിക്കിപ്പോള്‍ ഉറപ്പാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയതിന്റെ പേരില്‍ ഒരു ബംഗ്ലാദേശി നടനെ നാടുകടത്തിയിരുന്നു. മുഹമ്മദ് സനാവുള്ളയെന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനെ വിദേശിയെന്ന് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. അദ്ദേഹം 30 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചയാളാണ്. മസൂദ് അസറിനും ബി.ജെ.പി ഇന്ത്യന്‍ പൗരത്വം നല്‍കും. അയാള്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിക്കുകയാണെങ്കില്‍’ എന്നാണ് ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വന്ന കുറിപ്പ്.

ബി.ജെ.പിയുടെ കൊല്‍ക്കത്ത സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലായിരുന്നു അഞ്ജു പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ അവരുടെ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ വേദനിപ്പിക്കുന്നെന്ന് അഞ്ജു ഘോഷ് പറഞ്ഞു. ‘ഞാന്‍ ബംഗാളിലാണ് ജനിച്ചത്. ബംഗ്ലാളിയിലും ബംഗ്ലാദേശിയിലും ഒരുപോലെ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും വോട്ടര്‍ ഐ.ഡി കാര്‍ഡുമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്റെ ദേശീയതയെക്കുറിച്ച് ആളുകള്‍ ചോദ്യമുയര്‍ത്തുന്നത് വേദനിപ്പിക്കുന്നു.’

രക്ഷിതാക്കളെ നഷ്ടപ്പെട്ട താന്‍ കഴിഞ്ഞ മൂന്ന് ദശാബ്ദമായി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് മേഖലയില്‍ താമസിക്കുകയാണെന്നും അവര്‍ പറഞ്ഞു. ‘ജനങ്ങളെ സേവിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്തുകൊണ്ടാണ് അവരിപ്പോള്‍ എന്റെ പൗരത്വം സംബന്ധിച്ച് ചോദ്യമുയര്‍ത്തുന്നതെന്ന് എനിക്ക് അറിയില്ല. ഭീഷണിപോലെയാണ് എനിക്ക് തോന്നുന്നത്.’ എന്നും അവര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ബിസിനസ് വിസ റദ്ദാക്കുകയും ഉടന്‍ രാജ്യം വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേ പാര്‍ട്ടി തന്നെയാണ് ബംഗ്ലാദേശി നടിയെ പാര്‍ട്ടിയില്‍ ചേര്‍ത്തിരിക്കുന്നത്.

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലിനെപ്പോലെയാണെന്നും ഓരോരുത്തരെയും വോട്ടിങ് ലിസ്റ്റില്‍ നിന്നും തള്ളണമെന്നുമുള്ള ബി.ജെ.പി നേതാവ് അമിത് ഷായുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more