| Tuesday, 14th May 2019, 8:17 am

അലി അക്ബര്‍ രാജ്രദ്രോഹി, കേസെടുക്കണം; ഗോഡ്‌സെയെ പിന്തുണച്ച അലി അക്ബറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ അലി അക്ബറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. രാഷ്ട്രപിതാവിനെ കൊന്ന ഭീകരവാദിയെ ന്യായികരിക്കുന്ന അലി അക്ബര്‍ എന്ന രാജ്യദ്രോഹിക്കെതിരെ കേസെടുക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസനെ വിമര്‍ശിച്ച് കൊണ്ട് നടത്തിയ പ്രസ്താവനയയ്ക്ക് പിന്നാലെയാണ് പ്രതിഷേധം.

കമല്‍ ഹാസനെ പിന്തുണച്ചു കൊണ്ടും അലി അക്ബറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയും നിരവധി പേരാണ് രംഗത്തെത്തിയത്. ‘കമല്‍ ഹാസന്‍ മാത്രമല്ല രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യന്‍ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്’

‘ഗോഡ്സെയും ബി.ജെ.പിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞു നടക്കുന്ന എല്ലാ സംഘികളും ഇപ്പോള്‍ ഗോഡ്‌സെയ്ക്ക് വേണ്ടി മോങ്ങുന്നു’

‘ടാ, രാജ്യദ്രോഹീ… മഹാത്മാ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യവും ദേശദ്രോഹി ഗോഡ്സെ സ്വപ്നം കണ്ട രാമരാജ്യവും തമ്മിലുള്ള വ്യത്യാസമെങ്കിലും നിനക്ക് തിരിച്ചറിയുമോടാ.. വച്ചിട്ടുണ്ടെടാ നാഗ്പൂരിലെ ഏതോ കക്കൂസ് മുറിയില്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഗോഡ്സെ സ്വപ്നം കണ്ട രാമരാജ്യം നിലവില്‍ വരുമ്പോള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഒരു പിടി ചിത ഭസ്മം. അങ്ങനെ ഒരു ദിനത്തിനായി വംശീയ ഉന്മൂലനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന്റെ ചെരിപ്പുനക്കി നായെ നീ സംഘികളോട് പറഞ്ഞാല്‍ മതി രണ്ടു പേരും സ്വപ്നം കണ്ടത് ഒരേ രാമ രാജ്യമാണെന്ന്’ ഇങ്ങനെ നിരവധി പേരാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിലും സ്വന്തം വാളിലും പ്രതിഷേധം അറിയിക്കുന്നത്.

‘കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം’ എന്നായിരുന്നു അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്സെയെ കുറിച്ച് മിണ്ടിപ്പോവരുത്. അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്ന് പെരുക്കിയാല്‍ തീരും സകലവന്മാരുടെയും കൃമി കടി’ എന്നും അലി അക്ബര്‍ പറയുന്നുണ്ട്.

അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.

‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Latest Stories

We use cookies to give you the best possible experience. Learn more