| Saturday, 8th June 2024, 10:51 am

സാമൂഹ്യനീതി പ്രീണനമല്ല മുസ്‌ലിങ്ങൾക്കുള്ള സംവരണം, എന്ത് വിലകൊടുത്തും തുടരും: എൻ.ഡി.എ മുന്നണിയിലെ രണ്ടാം കക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സംവരണം പ്രീണനമല്ലെന്നും എന്ത് വിലകൊടുത്തും മുസ്‌ലിം സംവരണം തുടരുമെന്നും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ്. ആന്ധ്രപ്രദേശിലെ മുസ്‌ലിങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണം നൽകുന്നത് സാമൂഹ്യനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗക്കാരുടെയും ജീവിത നിലവരവാരം ഉയർത്തുകയും സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി ആന്ധ്രപ്രദേശിലെ മുസ്‌ലിങ്ങൾക്ക് നൽകി പോന്നിരുന്ന 4 ശതമാനം സംവരണത്തിനെതിരെ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

‘കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മുസ്‌ലിങ്ങൾക്ക് സംവരണം നൽകി വരുന്നുണ്ട്. തീർച്ചയായും ഞങ്ങൾ അത് തുടരുക തന്നെ ചെയ്യും. റിസർവേഷൻ നൽകുന്നത് പ്രീണനമല്ല മറിച്ച് അത് സാമൂഹ്യനീതിയാണ്. അർഹതപ്പെട്ടവരുടെ അവകാശ സംരക്ഷണമാണ് ഇതിലൂടെ നടക്കുന്നത്. സംസഥാനത്തെ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം ഉയർത്തേണ്ടത് ഞങ്ങളുടെ കടമയാണ്. അത് ഞങ്ങൾ തീർച്ചയായും ചെയ്യുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെങ്കിൽ എല്ലാ ജനങ്ങളുടെയും ജീവിത നിലവാരം ഉയർത്തേണ്ടതുണ്ട്. ന്യുനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തെ കൈയൊഴിഞ്ഞുകൊണ്ട് വികസിത രാജ്യമെന്ന സ്വപ്നം നേടാനാവില്ല. അതിനായി തങ്ങൾ ഒന്നിച്ച് നിന്ന് പ്രവർത്തിക്കുമെന്നും ഇത് ടി.ഡി.പിക്ക് ലഭിച്ച വലിയൊരവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ വിജയത്തിൽ നാരാ ലോകേഷ് വലിയ സംഭാവന നൽകിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനു ശേഷം പാർട്ടി പ്രവർത്തനങ്ങൾ അദ്ദേഹം ഏറ്റെടുക്കുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. പ്രചരണ ഭാഗമായി 4000 കിലോമീറ്ററോളം നടന്ന് അദ്ദേഹം പദയാത്ര സംഘടിപ്പിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ ആകെയുള്ള 25 സീറ്റുകളിൽ 16 സീറ്റുകളും ടി.ഡി.പിക്ക് ലഭിച്ചിരുന്നു. ബി.ജെ.പിക്ക് 3 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് ആന്ധ്രയിൽ സീറ്റുകൾ ഒന്നുംതന്നെ നേടാൻ സാധിച്ചിരുന്നില്ല.

Content Highlight: social justice, not appeasement, key BJP ally on reservation for Muslims

Latest Stories

We use cookies to give you the best possible experience. Learn more