ട്രാന്‍സ്‌ജെന്റെര്‍ വ്യക്തികളെ ഭിന്നലിംഗം എന്ന് അഭിസംബോധന ചെയ്യരുത്; ഉത്തരവുമായി സാമൂഹിക നീതി വകുപ്പ്
Kerala News
ട്രാന്‍സ്‌ജെന്റെര്‍ വ്യക്തികളെ ഭിന്നലിംഗം എന്ന് അഭിസംബോധന ചെയ്യരുത്; ഉത്തരവുമായി സാമൂഹിക നീതി വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2019, 8:08 pm

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റെര്‍ വ്യക്തികളെ ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവ്. ഇത്തരം അഭിസംബോധനകള്‍ പ്രസ്തുത വിഭാഗക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നുവെന്ന് കാട്ടിയാണ് ഉത്തരവ്.

ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്നും ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം അഭിസംബോധനകള്‍ ഒഴിവാക്കുകയും അതിന് തത്തുല്ല്യമായ പദം ലഭിക്കുന്നത് ട്രാന്‍സ്‌ജെന്റെര്‍ എന്ന പദം മാത്രം രേഖകളില്‍ ഉപയോഗിക്കാനുമാണ് ഉത്തരവ്.

ഭിന്നലിംഗക്കാര്‍ എന്ന് വിളിക്കുന്നതിനെതിരെ പ്രതിഷേധവുമായി ട്രാന്‍സ്ജെന്‍ഡറുകള്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ പലയാവര്‍ത്തി ഇങ്ങനെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും അതിന് തയ്യാറാകുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ കൂട്ടായ തീരുമാനം ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്ക് തന്നെ ഉപയോഗിച്ചാല്‍ മതിയെന്നാണ്. ഭിന്നലിംഗം എന്ന വാക്ക് എന്തായാലും ബഹിഷ്‌കരിച്ചേ മതിയാകൂവെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വാക്കിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.