| Sunday, 9th June 2019, 8:37 am

സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; അമിത് ഷായുടെ ആദ്യ പരിഷ്‌ക്കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സന്നദ്ധ സംഘടനകള്‍ക്ക് മൂക്കുകയറിട്ട് ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്ന് സംഭാവന സമാഹരിക്കണമെങ്കില്‍ വിദേശ സംഭാവന നിയന്ത്രണ നിയമത്തിനു (എഫ്.സി.ആര്‍.എ) കീഴില്‍ രജിസ്റ്റര്‍ ചെയ്യണം.

ഭാരവാഹികളെ മാറ്റിയാല്‍ ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണമെന്നും ഒരു മാസത്തിനകം വിവരമറിയിച്ചില്ലെങ്കില്‍ ശിക്ഷാ നടപടിയുമുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റ ശേഷം നടപ്പാക്കുന്ന ആദ്യ പരിഷ്‌കാരങ്ങളിലൊന്നാണ് സന്നദ്ധ സംഘടനകള്‍ക്കുള്ള മൂക്കുകയര്‍.

ഭാരവാഹികളുടെ പേരു മാറ്റുന്നതിനോ കൂട്ടിച്ചേര്‍ക്കുന്നതിനോ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ ഭാരവാഹികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും വ്യക്തമാക്കുന്നു. അങ്ങനെ ചെയ്യാത്തപക്ഷം നിയമ വ്യവസ്ഥ പ്രകാരം നടപടി ഉണ്ടാവുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

എഫ്.സി.ആര്‍.എ നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങളും വ്യക്തികളും ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ ഭാരവാഹികളെ മാറ്റിയത് ശ്രദ്ധയില്‍പെട്ടതായി ഇതുസംബന്ധിച്ച ഉത്തരവില്‍ വിശദീകരിക്കുന്നു. എഫ്.സി.ആര്‍.എ കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എന്‍.ജി.ഒകള്‍ക്കും (സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍) അസോസിയേഷനുകള്‍ക്കും ഇത് ബാധകമാണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more