സാമൂഹിക അകലം കൃത്യമായി പാലിച്ചാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം 62 ശതമാനം ഒഴിവാക്കാം; ഐ.സി.എം.ആര്‍ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
COVID-19
സാമൂഹിക അകലം കൃത്യമായി പാലിച്ചാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം 62 ശതമാനം ഒഴിവാക്കാം; ഐ.സി.എം.ആര്‍ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 5:17 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ 62 ശതമാനം കൊവിഡ് വ്യാപനവും സാമൂഹിക അകലം പാലിച്ചാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന് പഠനം. അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ വിദഗ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുതുതായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത് സാമൂഹിക അകലവും ക്വാറന്റൈനിങും കൃത്യമായി പാലിക്കപ്പെട്ടാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം 62 ശതമാനം നിയന്ത്രിക്കാമെന്നാണ്.

അണുബാധ പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ആളുകളുടെ പരസ്പരമുള്ള ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും രോഗം പിടിപെട്ടവരോ അല്ലെങ്കില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരോ ആയി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയോ ചെയ്യുക എന്നതാണെന്നും വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

കോവിഡ് -19 ഒരു ആഗോള മഹാമാരിയായി വ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഐ.സി.എം.ആര്‍ പഠനവുമായി മുന്നിട്ടിറങ്ങിയത്. കൂടാതെ ഇന്ത്യയില്‍ രോഗം പടരാതിരിക്കാനുള്ള നീക്കങ്ങളെക്കുറിച്ചും സംഘം പഠനം നടത്തിയിരുന്നു.

ദല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ഈ നഗരങ്ങളിലേക്ക് വിദേശത്തുനിന്നുള്ളവര്‍ നേരിട്ട് എത്താനുള്ള സാധ്യത പരിഗണിച്ചാണ് ഐ.സി.എം.ആര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, നിലവിലെ അവസ്ഥയില്‍ മെയ് പകുതിയോടെ ഇന്ത്യയില്‍ 13 ലക്ഷം കൊവിഡ് ബാധിതര്‍ ഉണ്ടാകുമെന്നാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 1.4 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് കൊവിഡ് 19 കേസുകള്‍ വരുന്ന ആഴ്ചകളില്‍ കുത്തനെ ഉയരുകയും ആരോഗ്യ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന ആശങ്ക ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യ കൊവിഡ് 19 നെ നേരിടുന്നതില്‍ ഇനിയും ജാഗ്രത കാണിക്കണമെന്നും കൂടുതല്‍ പരിശേധനകള്‍ക്ക് സജ്ജമാക്കണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കൊവിഡ് നിര്‍ണയിക്കുന്നതില്‍ ഇന്ത്യ മികച്ച നിലവാരം കാണിക്കുന്നുണ്ടെങ്കിലും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നതെന്ന് വേദനയോടെ മനസിലാക്കണമെന്ന് പഠനത്തില്‍ പങ്കാളിയായ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്റ് എപ്പിഡമോളജി പ്രൊഫസര്‍ ഭ്രാമര്‍ മുഖര്‍ജി പറയുന്നു.

വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്ന ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടേയും സംഘമായ കൊവ്-ഇന്‍ഡ്-19 ആണ് പഠനം നടത്തിയത്. അമേരിക്കന്‍ മാധ്യമത്തില്‍ ശനിയാഴ്ചയാണ് പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.