| Sunday, 17th October 2021, 4:52 pm

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മക്കയില്‍ സാമൂഹിക അകലം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്ക പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകല നിയന്ത്രണം പിന്‍വലിച്ചു. കൊവിഡിന് മുമ്പുള്ള നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കാനും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

അകലം പാലിച്ച് തീര്‍ത്ഥാടകര്‍ നില്‍ക്കുന്നതിനു വേണ്ടി പള്ളിയുടെ നിലത്ത് മാര്‍ക്ക് ചെയ്തിരുന്ന അടയാളങ്ങള്‍ നടത്തിപ്പുകാര്‍ ഞായറാഴ്ച മായ്ച്ചു.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സുഗമമാക്കുന്നതിനും പള്ളിയില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിനും വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വലിയ കുറവും വാക്‌സിനേഷന്‍ നിരക്കിലുള്ള വര്‍ധനവുമാണ് ഇപ്പോഴത്തെ ഇളവുകളിലേക്ക് ഭരണകൂടത്തെ നയിച്ചത്. ഒക്ടോബര്‍ 17 മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാല്‍ മക്കയില്‍ കഅബയിലേക്കുള്ള പ്രവേശനം അനുവദിച്ചിട്ടില്ല.

സാമൂഹിക അകലം പിന്‍വലിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സൗദി സര്‍ക്കാര്‍ അറിയിച്ചു.

രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍, മറ്റു കൂടിച്ചേരലുകള്‍, റസ്റ്ററന്റിലേക്കുള്ള പ്രവേശനം, യാത്ര നിയന്ത്രണങ്ങള്‍ എന്നിവയിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്

തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ അത്തരം ഇളവുകള്‍ ഒന്നും നല്‍കിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Social distancing at Mecca’s Grand Mosque dropped

We use cookies to give you the best possible experience. Learn more