റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്ക പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകല നിയന്ത്രണം പിന്‍വലിച്ചു. കൊവിഡിന് മുമ്പുള്ള നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കാനും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
അകലം പാലിച്ച് തീര്‍ത്ഥാടകര്‍ നില്‍ക്കുന്നതിനു വേണ്ടി പള്ളിയുടെ നിലത്ത് മാര്‍ക്ക് ചെയ്തിരുന്ന അടയാളങ്ങള്‍ നടത്തിപ്പുകാര്‍ ഞായറാഴ്ച മായ്ച്ചു.
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സുഗമമാക്കുന്നതിനും പള്ളിയില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിനും വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വലിയ കുറവും വാക്‌സിനേഷന്‍ നിരക്കിലുള്ള വര്‍ധനവുമാണ് ഇപ്പോഴത്തെ ഇളവുകളിലേക്ക് ഭരണകൂടത്തെ നയിച്ചത്. ഒക്ടോബര്‍ 17 മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.