മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് സിനിമ കാണില്ലെന്ന് തീരുമാനിച്ച കാലമാണ് ഇത്; അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം സിനിമയ്ക്ക് പോയ കാലമുണ്ടായിരുന്നു
Film News
മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് സിനിമ കാണില്ലെന്ന് തീരുമാനിച്ച കാലമാണ് ഇത്; അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം സിനിമയ്ക്ക് പോയ കാലമുണ്ടായിരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2023, 1:52 pm

മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി സിനിമകൾ ഉണ്ടാക്കുന്ന കാലമാണിതെന്ന് സാമൂഹിക വിമർശകൻ മൈത്രേയൻ. മോഹൻലാലിന്റെ സിനിമകൾ കാണാൻ പോയ കാലമുണ്ടായിരുന്നെന്നും ഇപ്പോൾ അദ്ദേഹം ഉള്ളതുകൊണ്ട് പോവില്ല എന്ന് തീരുമാനിച്ചെന്നും മൈത്രേയൻ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഇപ്പോൾ കഥാപാത്രങ്ങൾക്ക് വേണ്ടി അഭിനയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാലിന്റെ സിനിമ മാത്രം കാണാൻ പോയ ഒരു കാലമുണ്ടായിരുന്നു എനിക്ക്. മോഹൻലാൽ ഉള്ളതുകൊണ്ട് പോകത്തില്ല എന്ന് തീരുമാനിച്ച കാലമാണിത്. അയാൾക്ക് വേണ്ടി സിനിമ ഉണ്ടാക്കുന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഇന്ന് അയാൾ കഥാപാത്രത്തിന് വേണ്ടി ജീവിക്കുന്ന നടനല്ല.

മമ്മൂട്ടിയും അതുപോലെതന്നെയാണ്. മമ്മൂട്ടിക്ക് വേണ്ടി ഉണ്ടാക്കുന്ന കഥകളാണ് നമ്മൾ ഇപ്പോൾ കാണുന്നത്. അങ്ങനെയല്ലാത്ത കഥാപാത്രങ്ങൾ ചില സമയത്ത് ചെയ്യാറുണ്ട്. അവർ ആ കഥാപാത്രമായി മാറാറുണ്ട്. ഇപ്പോൾ അങ്ങനെയല്ല, അവർക്ക് വേണ്ടി കഥ എഴുതി ഉണ്ടാക്കുന്നവരാണ് പലരും.
ജഗതി അങ്ങനെ അല്ലായിരുന്നു. ജഗതിക്ക് വേണ്ടി കഥാപാത്രത്തെ ഉണ്ടാക്കില്ല. മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി ഉണ്ടാക്കുന്ന സിനിമകളിൽ നമുക്ക് സ്വാഭാവികമായി കാണാം ‘ഈ കഥാപാത്രം ജഗതിയെടുത്താൽ നന്നാവും’ എന്ന്. ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു, തിലകനൊക്കെ അങ്ങനെയുള്ളവരാണ്.

കഥക്കനുസരിച്ച് ഉള്ള കഥാപാത്രങ്ങളെ കാണുമ്പോഴാണ് നല്ല സിനിമയുണ്ടാകുന്നത്. അല്ലാതെ മോഹൻലാലിനെ വട്ടംചുറ്റി, അയാൾക്ക് ഡേറ്റ് ഉണ്ട് അതുകൊണ്ട് അയാളെ വെച്ച് കഥ എഴുതുന്നിടത്ത് എത്തിയപ്പോഴാണ് അസംബന്ധം പിടിച്ച സിനിമകൾ ഉണ്ടാവാൻ തുടങ്ങിയത്. അതുപോലെ നിരന്തരം പരാജയപ്പെടുന്ന സിനിമകളിലാണ് അദ്ദേഹം ഇന്ന് അഭിനയിക്കുന്നത്.

അഭിനയത്തിന്റെ കാര്യം എടുത്തു നോക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ നടന്മാരുടെ മുന്നിൽ ഇവർ അത്ര മെച്ചപ്പെട്ട നടന്മാരൊന്നുമല്ല. ഇവരുടെ കൂടെ കൂട്ടാളികളായി അഭിനയിക്കുമ്പോഴാണ് മറ്റുള്ളവർ മികവുള്ളവരായി മാറുന്നത്. അഭിനയം എന്ന് പറയുന്നത് ഒരു ടീം വർക്കാണ്. കൂടെ ഉള്ളവർ പരാജയപ്പെട്ടാൽ എല്ലാവരും പരാജയപ്പെടും.

നമ്മൾ ഒരാൾ വിജയിച്ചു എന്ന് കാണുമ്പോൾ, കൂടെ ഉള്ളവരും വിജയിച്ചത് കൊണ്ടാണ് അലക്സാണ്ടർ ഉണ്ടാകുന്നത്. അല്ലാതെ മോഹൻലാൽ മാത്രമല്ല (ചിരി). കൂടെ ഉള്ളവർ പരാജയപ്പെട്ടാൽ ഒരു അലക്സാണ്ടറും ഉണ്ടാവുകയില്ല. ടീം വർക്കിലാണ് ലോകം നിൽക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നും വേണം ലോകത്തെ നമ്മൾ മനസിലാക്കാൻ.

ഗാന്ധി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നു എന്നൊന്നും പറയരുത്. കോടികണക്കിന് ആളുകൾ സമരം ചെയ്തിട്ടാണ് നേടിയത്. അതൊക്കെ ടീം വർക്ക് ആണ്. ഇതൊക്കെ തിരിച്ചറിയുമ്പോഴാണ് മോഹൻലാലിനെയും മമ്മൂട്ടിയെയുമല്ല കാണുന്നത് മറിച്ച് നല്ല സിനിമകളാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാക്കുന്നത്. യഥാർത്ഥത്തിൽ സ്ക്രിപ്റ്റ് എഴുതിയവനാണ് ആ സിനിമ ഉണ്ടാക്കുന്നത്. അത് മറ്റുള്ളവർ പ്രകടനപരമാകുന്നു എന്നേയുള്ളു,’ മൈത്രേയൻ പറഞ്ഞു.

Content Highlight:  Social critic Maitreyan says that this is the time to make films for Mohanlal and Mammootty