തൃശൂര്‍: പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് കുടുംബത്തിന് ഊരുവിലക്ക്. തൃശൂര്‍ മാളയിലാണ് സംഭവം.
തൃശൂര്‍ കോവിലകത്തുകുന്നിലെ നിസാര്‍ കരീമും കുടുംബവുമാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് മഹല്ല് കമ്മറ്റി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് നിസാര്‍ പറയുന്നത്.
തന്റെ മക്കളെ അധ്യാപകന്‍ മദ്രസയില്‍ ഒറ്റപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്ത് ഉപദ്രവിച്ചപ്പോള്‍ മഹല്ല് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതാണ് നടപടിക്ക് ആധാരമെന്നാണ് നിസാര്‍ പറയുന്നത്.
പുത്തന്‍ചിറ മഹല്ല് പരിധിയിലെ 180 ഓളം കുടുംബങ്ങള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നാണ് നിസാര്‍ പറയുന്നത്. മദ്രസ കമ്മിറ്റി ഭാരവാഹികള്‍ വീടുകള്‍ കയറിയിറങ്ങി കുടുംബത്തെ ഊരുവിലക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ആരോപണം മഹല്ല് കമ്മിറ്റി നിഷേധിച്ചു. മഹല്ലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ കുപ്രചരണം അഴിച്ചുവിട്ടതിനെതിരെ പരാതി നല്‍കാന്‍ ഒപ്പുശേഖരണം നടത്തുക മാത്രമാണ് കമ്മിറ്റി ചെയ്തതെന്നാണ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്.
കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.