'രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാര്‍ത്തി നിശബ്ദമാക്കരുത്'; സംയുക്ത പ്രസ്താവനയുമായി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍
Kerala News
'രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാര്‍ത്തി നിശബ്ദമാക്കരുത്'; സംയുക്ത പ്രസ്താവനയുമായി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 4:46 pm

കോഴിക്കോട്: രാഷ്ടീയമായി വിയോചിക്കുന്നവരെ ഭീകരമുദ്രക്കുത്തി ജനാധിപത്യത്തെ നീര്‍വീര്യമാക്കുന്ന കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അപലപനീയമെന്ന് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ ഒപ്പുവെച്ചു.

42 യു.എ.പി.എ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപിച്ച സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറിയത് പൗരസമൂഹത്തോട് കാണിച്ച വഞ്ചനയാണെന്നും സംസ്ഥാനത്ത് യു.എ.പി.എ കേസുകളും വ്യാജ ഏറ്റുമുട്ടലുകളും വര്‍ധിക്കുന്നുവെന്നതിന്റെ തെളിവാണ്
അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവവും വാളയാര്‍ കേസിലെ പൊലീസിന്റെയും സര്‍ക്കാരിന്റേയും ഇടപെടല്‍ എന്നും പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദുത്വദേശീയ വാദികളുടെ ചുവട് പിടിച്ച് കേരളത്തെ നിയമബാഹ്യ കൂട്ടകൊലകളുടേയും ജനാധിപത്യ സംവിധാനങ്ങളുടേയും ഇടമാക്കി മാറ്റുന്നതിനെതിരെ രാഷ്ട്രീയ ജാഗ്രത ഉയര്‍ന്നുവരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

‘രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാര്‍ത്തി നിശബ്ദമാക്കരുത്’ സംയുക്ത പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

‘രാഷ്ട്രീയ വിസമ്മതങ്ങളേയും എതിര്‍ സ്വരങ്ങളേയും ഭീകരമുദ്രകുത്തി ജനാധിപത്യ ഇടങ്ങളെ നിര്‍വീര്യമാക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അപലപനീയമാണ്. ദേശസുരക്ഷ ഉയര്‍ത്തി വിമര്‍ശനങ്ങളെ അമര്‍ച്ച ചെയ്യുകയും പൗരജീവിതത്തെ നിരന്തരമായി നിരീക്ഷണത്തില്‍ വെച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന ഭയാനകമായ സാഹചര്യം കേരളത്തിലും സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഹിന്ദുത്വദേശീയ വാദികളുടെ ചുവട് പിടിച്ച് കേരളത്തേയും നിയമബാഹ്യ കൂട്ടകൊലകളുടേയും ജനാധിപത്യ സംവിധാനങ്ങളുടേയും ഇടമാക്കി മാറ്റുന്നതിനെതിരെ രാഷ്ട്രീയ ജാഗ്രത ഉയര്‍ന്നുവരണം. 42 യു.എ.പി.എ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപിച്ചു. അതില്‍ നിന്ന് പിന്മാറിയ സര്‍ക്കാര്‍ പൗരസമൂഹത്തെ വഞ്ചിച്ചു.യു.എ.പി.എ കേസുകളും വ്യാജ ഏറ്റുമുട്ടലുകളും കേരളത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയുമാണ്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അലന്‍,താഹ, ശ്രീകാന്ത്, നഹാസ് തുടങ്ങിയവരുടെ മേല്‍ ചുമത്തപ്പെട്ട യു.എ.പി.എയും വാളയാര്‍ കേസിലെ പൊലീസിന്റേയും ഭരണകൂട സംവിധാനങ്ങളുടേയും കൈകടത്തലുകളും. മുസ്ലീം വിരുദ്ധവേട്ടകളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡി കൊലപാതകങ്ങളും കേരളത്തില്‍ തുടര്‍കഥയാവുകയാണ്. ഇന്ത്യയില്‍ തന്നെ ചുരുങ്ങിയ കാലത്തിനിടയില്‍ കൂടുതല്‍ യു.എ.പി.എ ചുമത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 165 ലേറെ യു.എ.പി.എ കേസുകളാണ് കേരളത്തില്‍ പൊലീസ് എടുത്തിരിക്കുന്നത്. ഒരേ സമയം ഇത്തരം ഭീകര നിയമങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ നിലപാട് എന്ന് പറയുകയും എന്നാല്‍ സകല വിയോജിപ്പുകള്‍ക്കെതിരേയും ഇത്തരത്തിലുള്ള നിയമങ്ങള്‍ ആയുധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതുപക്ഷ സര്‍ക്കാര്‍ വെച്ചു പുലര്‍ത്തുന്നത്.

പൊലീസ്/ഉദ്യോഗസ്ഥ വൃദ്ധങ്ങള്‍ നിരന്തരമായി തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയും ഇത്തരം അമിതാധികാര പ്രയോഗങ്ങള്‍ക്ക് വഴങ്ങികൊടുക്കുന്ന കേവല സുരക്ഷാ ഭരണകൂടമായി ഇടതുസര്‍ക്കാര്‍ മാറിയിരിക്കുകയാണ്.’

ഗ്രോ വാസു, സി.കെ അബ്ദുല്‍ അസീസ്, ഒ. അബ്ദുറഹ്മാന്‍, ഡോ.ആസാദ്, ഗോപാല്‍ മേനോന്‍, കെ.കെ രമ, ഡോ.ടി.ടി ശ്രീകുമാര്‍, കെ.സി ഉമേഷ് ബാബു, കെ.മുരളി, കെ.കെ ബാബുരാജ്, അഡ്വ. പി.എ പൗരന്‍, പി.എ കുട്ടപ്പന്‍, അഷ്റഫ് മൗലവി മൂവാറ്റുപുഴ എന്നിവർ ഉൾപ്പടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരാണ് പ്രസ്ഥാവനയില്‍ ഒപ്പ് വെച്ചത്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ