| Friday, 4th December 2020, 10:25 pm

ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് ശുഐബിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ശുഐബിന് പിന്തുണയുമായി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍. കെ. ജി ശങ്കരപ്പിള്ള, എം.എന്‍ കാരശ്ശേരി, അടക്കമുള്ളവരാണ് പിന്തുണയുമായെത്തിയിരിക്കുന്നത്.

കോഴിക്കോട് നഗരസഭയിലെ വലിയങ്ങാടി വാര്‍ഡിലാണ് മുഹമ്മദ് ശുഐബ് മത്സരിക്കുന്നത്.

അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുവരാന്‍ ഇടയാക്കിയ സാഹചര്യം കേരളീയ സമൂഹം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന ചില ഗുരുതരമായ പ്രതിസന്ധികളെ ചുണ്ടിക്കാട്ടുന്നതാണ്. സമീപകാലം വരെ സജീവ സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ശുഐബ് ഇടതുപക്ഷ-മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പൊതുജീവിതത്തില്‍ പ്രവര്‍ത്തിച്ചയാളാണ്. നിര്‍ഭാഗ്യവശാല്‍, ഇന്ന് അധികാരത്തിലിരിക്കുന്ന മുഖ്യധാരാ ഇടതുകക്ഷിയായ സിപിഎം അത്തരം മൂല്യങ്ങളെ എങ്ങനെയാണ് കൈയൊഴിഞ്ഞത് എന്ന് സ്വന്തം ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. 2019 നവംബര്‍ ഒന്നിന് കേരളാ പോലീസ് അദ്ദേഹത്തിന്റെ മകന്‍ അലന്‍ ശുഐബിനെ കൂട്ടുകാരന്‍ താഹാ ഫസലിനോടൊപ്പം അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും കാരാഗൃഹത്തില്‍ ദീര്‍ഘകാലം അടച്ചിടാനും അവരുടെ യൗവനവും ജീവിതവും തകര്‍ത്തെറിയാനും പോലീസ് നടത്തിയ ഗൂഢാലോചനയെ സ്വന്തം പാര്‍ട്ടിയിലെ സമുന്നത നേതാക്കള്‍ തന്നെ പിന്തുണക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ് അദ്ദേഹം കണ്ടത്. ഒമ്പതു മാസത്തിനു ശേഷം എന്‍.ഐ.എ കോടതി അവര്‍ക്കു ജാമ്യം നല്‍കി പുറപ്പെടുവിച്ച വിധിന്യായത്തില്‍ സര്‍ക്കാരിന്റെയും അധികാരികളുടെയും വ്യാജമായ പ്രചാരവേലകളെ പൂര്‍ണമായും തുറന്നുകാട്ടുന്നുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

സമൂഹം ഇന്ന് എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രമാണിതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജനവിരുദ്ധ നിയമങ്ങളും കോര്‍പ്പറേറ്റ് അനുകൂല ഭരണനയങ്ങളും കേന്ദ്രത്തിലെ മാത്രമല്ല സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടവും യാതൊരു മടിയുമില്ലാതെ നടപ്പിലാക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ യുഎപിഎ ഉപയോഗിച്ചു തടങ്കലിലാക്കുന്നു. അവര്‍ക്കു ഭീകര മുദ്രകള്‍ ചാര്‍ത്തിനല്‍കുന്നു. നീതിക്കുവേണ്ടിയുള്ള അവരുടെ നിലവിളി ചെവിക്കൊള്ളാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ല.

കഴിഞ്ഞ നാലര വര്‍ഷമായി കേരളത്തിന്റെ അനുഭവമാണിതെന്നും എട്ടുപേരെയാണ് ഇതിനകം മാവോവാദി മുദ്ര ചാര്‍ത്തി വെടിവെച്ചു കൊന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. പരമാവധി യുവാക്കള്‍ തീവ്രവാദി-ഭീകരവാദി മുദ്ര ചാര്‍ത്തപ്പെട്ടു തടവിലാണ്. ജനാധിപത്യ അവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്നു. കേരളത്തെ കൊടും കടക്കെണിയിലേക്കു നയിക്കുന്ന പദ്ധതികളുടെ പേരില്‍ കമ്മീഷന്‍ വാങ്ങി തടിച്ചുകൊഴുക്കുന്ന ഒരു മാഫിയാ സംഘം ഭരണകേന്ദ്രത്തില്‍ തഴച്ചുവളരുന്നു. അതിനെ ചെറുക്കേണ്ട പാര്‍ട്ടിയും ജനപ്രതിനിധികളും അവരുടെ പിണിയാളുകളായി മാറിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് കേരളം സമൂലമായ ഒരു മാറ്റത്തിനു വേണ്ടി പ്രതീക്ഷ പുലര്‍ത്തുകയാണ്. അതിനു വേണ്ടത് ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തന്‍ ഇടതുപക്ഷമാണ്. ജനങ്ങളാണ് അതിന്റെ ശ്രദ്ധാകേന്ദ്രം. കോര്‍പ്പറേറ്റ് പ്രീണനം അതിന്റെ നയമല്ല. നമ്മുടെ ആകാശവും നമ്മുടെ ഭൂമിയും നമ്മുടെ ജീവിതവും നമ്മള്‍ പോരാടി നേടിയ സ്വാതന്ത്ര്യവും സംരക്ഷിക്കുകയും വരും തലമുറകള്‍ക്കായി അതു നിലനിര്‍ത്തുകയും വേണം.

കേരളത്തിന് സംഭവിക്കുന്ന മാറ്റത്തിന്റെ മുന്നണി പോരാളിയാണ് ശുഐബ് എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കെ ജി ശങ്കരപ്പിള്ള, എം എന്‍ കാരശ്ശേരി, ബി രാജീവന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കല്‍പ്പറ്റ നാരായണന്‍, വി ആര്‍ സുധീഷ്, പി സുരേന്ദ്രന്‍, കെ സി ഉമേഷ് ബാബു, പ്രൊഫ. കുസുമം ജോസഫ്, ജോളി ചിറയത്ത്, ജ്യോതി നാരായണന്‍, സ്മിത നെരവത്ത്, മാഗ്ലിന്‍ ഫിലോമിന, ഹാഷിം ചേന്ദമ്പിള്ളി, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, എന്‍ എം പിയേഴ്‌സണ്‍, വി പി വാസുദേവന്‍, സി ആര്‍ നീലകണ്ഠന്‍, ജോസഫ് സി മാത്യു, ജി ശക്തിധരന്‍, എന്‍ പി ചന്ദ്രശേഖരന്‍ (ചന്‍സ്), ആസാദ്, എന്‍ പി ചെക്കുട്ടി, അനില്‍ ഇ പി, എം പി ബലറാം, പി ടി ജോണ്‍, ഷൗക്കത്ത് അലി എറോത്ത്, ടി കെ ഹാരിസ് എന്നിവരാണ് മുഹമ്മദ് ശുഐബിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social and cultural activists of Kerala supports  RMPI candidate Muhammed Shuhaib

We use cookies to give you the best possible experience. Learn more