കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിന്മേല്‍ അറസ്റ്റ് ആവശ്യപ്പെട്ട് സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍. സിവിക് ചന്ദ്രനെതിരെ, എഴുത്തുകാരിയായ ദളിത് സ്ത്രീ നല്‍കിയ സ്ത്രീ പീഡന പരാതിയിന്മേല്‍ രണ്ടാഴ്ച പിന്നിടുമ്പോഴും തുടര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ പ്രസ്താവനയിലൂടെ അറിയിച്ചു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സി.ഐ മുമ്പാകെ നല്‍കിയ പരാതി, ദലിത് പീഡന വകുപ്പു കൂടി ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ വടകര ഡി.വൈ.എസ്.പിയുടെ അന്വേഷണത്തിലാണുള്ളത്. ജൂലൈ 12ന് നല്‍കിയ പരാതി പ്രകാരം ജൂലൈ 16ന് അക്രമം നടന്ന സ്ഥല പരിശോധനയും
വൈദ്യപരിശോധനയുമെല്ലാം പൂര്‍ത്തിയാകുകയും മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കുകയും ചെയ്ത കേസിലാണ് തുടര്‍ നടപടികള്‍ വൈകുന്നത്. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം എസ്.സി ആന്‍ഡ് എസ്.ടി (പ്രിവന്‍ഷന്‍) ഓഫ് അട്രോസിറ്റീസ് ആക്ടിലെ വകുപ്പുകള്‍ ഉണ്ടായിട്ടും നടപടികള്‍ വൈകുന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗൗരവതരമായ വീഴ്ചയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പാര്‍ശ്വവല്‍കൃത സമൂഹത്തിലെ ഒരു പ്രതിനിധിയായ പരാതിക്കാരിയോട് ആഭ്യന്തര വകുപ്പും പൊലീസും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചു കൂടാത്തതാണ്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വരുത്തുന്ന ഈ കാലതാമസത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. പരാതിക്കാരി വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണവും കുറ്റാരോപിതന്റെ അറസ്റ്റും വേഗത്തില്‍ നടക്കാന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
ആരോപണ വിധേയന്റെ പേരില്‍ ഈ പരാതിക്ക് ശേഷവും ഒന്നിലധികം സ്ത്രീകള്‍ മീടൂ പരാതി സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരിക്കുന്നത് കുറ്റകൃ ത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈയൊരു ഘട്ടത്തില്‍ അതിജീവിതയ്ക്കൊപ്പം നിലകൊള്ളുക എന്നത് നീതിബോധമുള്ള, ജനാധിപത്യ പൗരന്മാരുടെ കടമയാകയാല്‍ ഞങ്ങള്‍ ഒപ്പം നില്‍ക്കുന്നു.
ഈ കേസില്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നും എത്രയും വേഗം ആരോപണ വിധേയനെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്ക് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.