ആര്‍ക്കും കേറി കൊട്ടാന്‍ പറ്റുന്നവരല്ല മുസ്‌ലിം സ്ത്രീ; ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് വി.പി. സുഹ്‌റ
Kerala News
ആര്‍ക്കും കേറി കൊട്ടാന്‍ പറ്റുന്നവരല്ല മുസ്‌ലിം സ്ത്രീ; ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് വി.പി. സുഹ്‌റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2023, 5:24 pm

കോഴിക്കോട്: സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക വി.പി. സുഹ്‌റ. കോഴിക്കോട് നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിക്കിടെയായിരുന്ന വി.പി. സുഹ്‌റയുടെ പ്രതിഷേധം. മുസ്‌ലിം സ്ത്രീകള്‍ എല്ലാവര്‍ക്കും കൊട്ടാനുള്ള ഉപകരണമല്ലെന്നും ഉമര്‍ ഫൈസിയുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തട്ടം ഇടാതിരിക്കുന്നത് ഇസ്‌ലാം വിരുദ്ധമാണെന്ന് അദ്ദേഹത്തിന് പറയാം. പക്ഷേ തട്ടം ഇടാത്തവരെല്ലാം അഴിഞ്ഞാട്ടക്കാരികളാണെന്ന് എങ്ങനെ പറയാനാകും. എന്ത് ധരിക്കണമെന്ന് മനുഷ്യന് അവകാശമല്ലേ. ഈ ആളുകളൊക്കെ ഇസ്‌ലാം നിയമം അനുസരിക്കുന്നവരാണോ. ഞാന്‍ തട്ടം ഇട്ട് ജീവിച്ച് വളര്‍ന്നയാളാണ്. എന്നാലിപ്പോള്‍ എനിക്ക് തോന്നുന്നു ഈ തട്ടം അങ്ങ് ഊരിയാലോ എന്ന്,’ വി.പി. സുഹ്‌റ പറഞ്ഞു.

അതിനിടെ പരിപാടിയില്‍ അതിഥിയായിരുന്ന വി.പി. സുഹറ തട്ടം ഊരി പ്രതിഷേധിച്ചതില്‍ പി.ടി.എ പ്രസിഡന്റ് ഇടപെട്ടിരുന്നു. പി.ടി.എ പ്രസിഡന്റ് വി.പി. സുഹ്‌റയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

തട്ടവും പര്‍ദ്ദയും ഇസ്‌ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. മുസ്‌ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

Content Highlight: Social activist V.P. Suhra  protested against Mukkam Umar Faizi’s remarks.