| Friday, 2nd July 2021, 4:53 pm

പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് ധിക്കാര നടപടി; തൃശൂര്‍ മേയര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ട തൃശൂര്‍ മേയര്‍ക്കെതിരെ പൊതു പ്രവര്‍ത്തകന്റെ പരാതി. പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടേതെന്ന് കാണിച്ച് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠനാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കാണ് മണികണ്ഠന്‍ പരാതി നല്‍കിയിരിക്കുന്നത്. നിര്‍ബന്ധപൂര്‍വ്വം പൊലീസുകാര്‍ സല്യൂട്ട് അടിക്കണമെന്ന മേയറുടെ ആവശ്യം നടപ്പാക്കരുതെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. വര്‍ഗീസ് ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തു.

പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നും മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ഡി.ജി.പി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡി.ജി.പി. നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എം.എല്‍.എയ്ക്കും ഇതുസംബന്ധിച്ച് താന്‍ പരാതി നല്‍കിയിരുന്നെന്നും മേയര്‍ പറഞ്ഞു. എം.കെ. വര്‍ഗീസ് എന്ന വ്യക്തിയെ ബഹുമാനിക്കേണ്ടെന്നും പക്ഷേ തന്റെ പൊസിഷനെ ബഹുമാനിക്കണമെന്നും മേയര്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ മേയര്‍മാര്‍ക്കും വേണ്ടിയാണ് ഇത്തരമൊരു പരാതിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Social activist Manikandan complaint against Thrissur Mayor M.K. Varghese

We use cookies to give you the best possible experience. Learn more