തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ട തൃശൂര്‍ മേയര്‍ക്കെതിരെ പൊതു പ്രവര്‍ത്തകന്റെ പരാതി. പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടേതെന്ന് കാണിച്ച് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠനാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രിക്കാണ് മണികണ്ഠന്‍ പരാതി നല്‍കിയിരിക്കുന്നത്. നിര്‍ബന്ധപൂര്‍വ്വം പൊലീസുകാര്‍ സല്യൂട്ട് അടിക്കണമെന്ന മേയറുടെ ആവശ്യം നടപ്പാക്കരുതെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. വര്‍ഗീസ് ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തു.
പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നും മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ഡി.ജി.പി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡി.ജി.പി. നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.