ന്യൂദല്‍ഹി: മാനനഷ്ട കേസില്‍ സാമൂഹിക പ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവുമായ മേധാ പട്കര്‍ കുറ്റക്കാരിയെന്ന് ദല്‍ഹി കോടതി. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നല്‍കിയ കേസിലാണ് വിധി. ഉത്തരവുപ്രകാരം മേധാ പട്കറിന് രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കുമെന്നാണ് നിഗമനം.
മേധാ പട്കര്‍ വിദ്വേഷത്തോടെ മനഃപൂര്‍വം സക്‌സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ജനങ്ങളെയും മറ്റും വിദേശ താത്പര്യങ്ങൾക്ക് പണയം വെക്കുന്നുവെന്ന ആരോപണം സക്സേനയുടെ സത്യസന്ധതയ്ക്കും പൊതുസേവനത്തിനും നേരെയുള്ള ആക്രമണമാണെന്നും കോടതി പറയുകയുണ്ടായി.
1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 പ്രകാരമാണ് കോടതി വിധി. മജിസ്ട്രേറ്റ് രാഘവ് ശര്‍മയാണ് കേസ് പരിഗണിച്ചത്. മെയ് 30ന് ശിക്ഷാവിധി സംബന്ധിച്ച വിഷയങ്ങളിൽ കോടതി വാദം കേൾക്കും.
ഒരു ടി.വി ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ മേധാ പട്കർ നടത്തിയ പരാമര്‍ശങ്ങളിലാണ് വി.കെ. സക്സേന മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നത്. സക്‌സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയെന്നായിരുന്നു പരാതി. മാനനഷ്ട കേസില്‍ 2001 മുതല്‍ ഇരുവരും നിയമപോരാട്ടത്തിലാണ്.
2000 നവംബര്‍ 25ന് ‘ദേശസ്‌നേഹിയുടെ യഥാര്‍ത്ഥ മുഖം’ എന്ന തലക്കെട്ടില്‍ എഴുതിയ പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സക്‌സേനയുടെ പരാതി. സക്‌സേന ഭീരുവാണെന്നും രാജ്യസ്നേഹിയല്ലെന്നും പട്ക്കർ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഹവാല ഇടപാടിൽ പങ്കാളിയാണെന്നും മേധാ പട്കർ സക്സേനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
പരാതിപ്പെടുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു വി.കെ. സക്സേന.
അതേസമയം തനിക്കും നര്‍മദാ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യം നല്‍കിയതിന് മേധാ പട്കര്‍ സക്‌സേനക്കെതിരെയും കേസ് നല്‍കിയിരുന്നു.
Content Highlight: Social activist and Narmada Bachao Andolan leader Medha Patkar found guilty in defamation case by Delhi court