| Monday, 21st November 2022, 7:02 pm

'മോഹന്‍ലാലിനും വെങ്കിടേഷിനും പറ്റിയത് വന്‍ അബദ്ധം'; അജയ് ദേവ്ഗണിനെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഓടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. ഞായറാഴ്ച മാത്രം ചിത്രം 27 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

ദൃശ്യം 2വിന്റെ തിയേറ്റര്‍ പ്രകടനം കാണുമ്പോള്‍ മോഹന്‍ലാലിനും വെങ്കിടേഷിനും പറ്റിയ അക്കിടി ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. ദൃശ്യം പോലെ ഒരു ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ഒ.ടി.ടിക്ക് കൊടുത്തതാണ് സോഷ്യല്‍ മീഡിയ എടുത്തുപറയുന്നത്.

2021 ഫെബ്രുവരി 19നാണ് ദൃശ്യം രണ്ടാം ഭാഗം റിലീസ് ചെയ്തത്. അന്ന് തന്നെ തിയേറ്ററുകള്‍ക്ക് നഷ്ടമായ കിടിലന്‍ ചിത്രമാണ് ദൃശ്യമെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. വെങ്കിടേഷ് നായകനായ തെലുങ്ക് പതിപ്പും ഒ.ടി.ടിയില്‍ തന്നെയായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ അജയ് ദേവ്ഗണിന്റെ ദൃശ്യം 2 ബോക്‌സ് ഓഫീസില്‍ പടയോട്ടം തുടരുമ്പോള്‍ മോഹന്‍ലാലും വെങ്കിടേഷും ചെയ്തത് അബദ്ധമായി പോയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് പ്രേക്ഷകര്‍ സിനിമയെ പ്രശംസിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ഇക്കൂട്ടര്‍ പറയുന്നു.

ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ്പാണ് ദൃശ്യം 2വിനും ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയാല്‍ അത്ഭുതപ്പെടാനില്ല.

ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്‌സ് ആന്റണി പെരുമ്പാവൂരും ആശീര്‍വാദ് സിനിമാസുമാണ്. 50 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ ഇപ്പോള്‍ തന്നെ മുതല്‍മുടക്ക് പിന്നിട്ടു കഴിഞ്ഞു.

Content Highlight: socail media discussion about the box office victory of drishyam 2 hindi and the ott release of drishyam 2 malayalam and teleungu

We use cookies to give you the best possible experience. Learn more