| Wednesday, 18th April 2018, 10:37 am

ഇതാണ് കട്ട ഹീറോയിസം; കഠ്‌വ അഭിഭാഷകയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഠ്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതിയുറപ്പിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങിയ വനിതാ അഭിഭാഷകയായ ദീപിക സിങ്ങിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

കഠ്‌വ പോരാളിയെന്നാണ് ദീപിക സിങ്ങിന് സൈബര്‍ ലോകം നല്‍കിയിരിക്കുന്ന വിശേഷണം. പുരുഷ അഭിഭാഷകര്‍ക്ക് നടുവില്‍ ആത്മവിശ്വാസത്തോടെ നടന്നുവരുന്ന ദീപികയുടെ ചിത്രം പങ്കുവെച്ച് അവരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ.

ഇതാണ് കട്ടഹീറോയിസമെന്നും ഇന്ത്യയ്ക്ക് ആവശ്യം ദീപികയെപ്പോലുള്ള ധൈര്യശാലികളായ വനിതകളെയാണൈന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.

താങ്കളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നമിക്കുന്നെന്നും ദീപികയുടെ ധൈര്യത്തിന് മുന്നില്‍ അമ്പരന്ന് പോയെന്നുമാണ് സൈബര്‍ ലോകം ഒരേസ്വരത്തില്‍ പറയുന്നത്. അഭിഭാഷകര്‍ക്ക് നടുവിലൂടെ ചങ്കൂറ്റത്തോടെ നടന്നുവരുന്ന ദീപികയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ആക്കിയും ചിലര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയിട്ടുണ്ട്.

തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളില്‍ ഭയന്ന് പിന്‍വാങ്ങാതെ ഒരു പിഞ്ചുകുഞ്ഞിന് നീതി ഉറപ്പാക്കാന്‍ താന്‍ ഉറച്ചുനില്‍ക്കുമെന്ന് പറയാന്‍ ദീപിക കാണിച്ച ആര്‍ജവമാണ് ഇവരെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. ഒരു രാജ്യം മുഴുവന്‍ പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദമുയര്‍ത്താന്‍ ഏക കാരണവും ദീപികയുടെ നിശ്ചയദര്‍ഢ്യം തന്നെയായിരുന്നു.

പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പെണ്‍കുട്ടിയുടെ കുംബത്തിന് വേണ്ടി കേസ് സ്വയമേവ ഏറ്റെടുത്ത് കോടതിയില്‍ പോരാടുകയായിരുന്നു ദീപിക സിങ്.


Dont Miss നമ്മുടെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ചില വിചാരങ്ങള്‍


കേസുമായി മുന്നോട്ട് പോവുമ്പോള്‍ നീതിപീഠത്തിന്റെ പ്രതിനിധികള്‍ തന്നെ ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയെങ്കിലും പൂര്‍വാധികം ശക്തിയോടെ പോരാടുകയായിരുന്നുവെന്ന് ദീപിക പറയുന്നു.

ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ആദ്യം ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയത്. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ അത് എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ ദീപികയോട് പറഞ്ഞത്. തുടര്‍ന്ന് ഭൂപീന്ദര്‍ സിങ്ങിനെതിരെ ദീപിക ജമ്മുകശ്മീര്‍ ഹൈക്കോടതിയിലും സുപ്രീം കോടതി ചീഫ് ജസ്റ്റിനും പരാതി നല്‍കുകയും കേസില്‍ ഹാജരാവുന്നതിന് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

“എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്.” തനിക്ക് നേരെ ഉയരുന്ന ഭീഷണികളെ കുറിച്ച് ദീപിക മാധ്യമങ്ങളെ അറിയിച്ചത് ഇങ്ങനെയായിരുന്നു.

കഴിഞ്ഞ ദിവസവും ഭീഷണിപ്പെടുത്തല്‍ ഉണ്ടായി. നിന്നെ ഞങ്ങള്‍ മറക്കില്ലെന്നാണ് പറഞ്ഞത്. ഹിന്ദു വിരുദ്ധ എന്ന് മുദ്രകുത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തി. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കും. നീതി നടപ്പാകണം. ആ എട്ടു വയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഉറച്ചുനില്‍ക്കുമെന്നും ദീപിക സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more