തമിഴ് സിനിമയിലെ ഐക്കോണിക് സിനിമകളിലൊന്നാണ് ദളപതി. മണിരത്‌നം സംവിധാനം ചെയ്ത് രജനികാന്തിനൊപ്പം മമ്മൂട്ടിയും, ശോഭനയും, ശ്രീവിദ്യയും ഉള്‍പ്പെടെയുള്ള മലയാളതാരങ്ങള്‍ കൂടി ഒന്നിച്ച സിനിമ കൂടിയായിരുന്നു ദളപതി. വലിയ സാമ്പത്തിക വിജയമായിരുന്ന സിനിമ കലാമൂല്യം കൊണ്ട് ഇന്നും ചര്‍ച്ചയില്‍ വരുന്നുണ്ട്.
ചിത്രത്തിലെ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശോഭന. ദളപതിയുടെ സെറ്റില്‍ വെച്ച് താന്‍ കരഞ്ഞുവെന്നും മമ്മൂട്ടിയാണ് തന്നെ ആശ്വസിപ്പിച്ചതെന്നും ശോഭന പറഞ്ഞു. സീ കേരളയില്‍ മധുരം ശോഭനം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ദളപതിയിലെ അനുഭവങ്ങള്‍ ശോഭന പങ്കുവെച്ചത്.
‘ദളപതിയില്‍ എനിക്ക് വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ 20 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യും. അതുപോലത്തെ രണ്ട് സിനിമ കഴിഞ്ഞിരിക്കുകയാണ് ഞാന്‍. അതിനു ശേഷമാണ് ദളപതിയുടെ ഷൂട്ടിന് പോകുന്നത്.
ഇതിനിടക്ക് ഞാന്‍ വീട്ടില്‍ പോയിരുന്നില്ല. കാള്‍ ഷീറ്റെല്ലാം തീര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും ഇന്ന് തീര്‍ന്നില്ല നാളെ പോവാന്ന് മണി രത്‌നം പറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ സിനിമയാണ്. എനിക്ക് വീട്ടില്‍ പോവണമെന്ന് പറയാന്‍ പറ്റുന്നില്ല.
രണ്ട് മാസമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല. എനിക്കന്ന് 20 വയസ്സ് മാത്രമേയുള്ളൂ. എല്ലാവരും റെഡിയാണ് പക്ഷേ ലാസ്റ്റ് ഷോട്ട് എടുക്കാന്‍ പറ്റുന്നില്ല,’ ശോഭന പറഞ്ഞു.
‘സങ്കടം കൊണ്ട് ഞാന്‍ മാറിയിരുന്നു കരയാന്‍ തുടങ്ങി. ആ സെറ്റിലെ ആരും അത് കണ്ടില്ല. മമ്മൂട്ടി എന്റെ പുറകിലിരിപ്പുണ്ടായിരുന്നു. എന്തിനാ കരയുന്നത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് വീട്ടില്‍ പോണം, അമ്മയെ കാണണം.
‘ശ്ശെ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാന്‍ പറയാം, ഞാന്‍ നോക്കാമെന്നൊക്കെ പറഞ്ഞ് മമ്മൂക്ക ആശ്വസിപ്പിച്ചു. അതൊക്കെ എനിക്ക് വലിയ സന്തോഷം നല്‍കിയ വാക്കുകളാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ വളരെ കൃത്യതയുള്ള ആളാണ് മണിരത്‌നം. ആ കാര്യത്തില്‍ സന്തോഷ് ശിവനും അദ്ദേഹവുമൊക്കെ ഒരു ടീമാണ്. നാല് മണിക്കൊന്നും രജനി സാര്‍ വരില്ലെന്നാണ് എല്ലാവരും പറയുന്നത്. നമ്മള്‍ രാവിലെ എഴുന്നേറ്റ് ഒന്നും പോകണ്ടെന്നാണ് ബാക്കിയുള്ളവരും പറഞ്ഞത്.
ഒരു ദിവസം രജനി സാര്‍ വന്ന് സംവിധായകനോട് പറഞ്ഞത് ‘സാര്‍, എന്താണിത്. നാല് മണിക്ക് ഒക്കെ കഷ്ടപ്പെടുത്തുവാണോ?’ എന്ന്. മുന്നൂറ് പേര്‍ക്ക് വരാമെങ്കില്‍ മുന്നൂറ്റി ഒന്നാമത്തെ ആള്‍ക്കും വരാം എന്നാണ് മണിരത്നം പറഞ്ഞത്.
അതൊക്കെ ശരിയാവുമോ, നമുക്ക് ബാക്കപ്പ് എടുക്കാമെന്ന് പറഞ്ഞു. ബാക്കപ്പ് എന്ന് പറഞ്ഞാല്‍ ഞങ്ങളൊക്കെ എടുക്കുന്നതാണ്. അപ്പോള്‍ രാവിലെ പോയി അവിടെ നില്‍ക്കണം. ഒടുവില്‍ രജനി സാര്‍ വരാമെന്ന് സമ്മതിച്ചു. എങ്കിലും അദ്ദേഹം വരില്ലെന്നാണ് വിചാരിച്ചത്. അങ്ങനെ ഞങ്ങളൊരു മൂന്ന് മണിക്ക് തന്നെ പോയി. ഒരു കുന്നൊക്കെ കയറി ചെല്ലണം.
അധികമാരും ഉണ്ടായിരുന്നില്ല. ഒരു യൂണിറ്റ് വാന്‍ പോകും. പിന്നെ ഞങ്ങള്‍ പതുക്കെ കയറി ചെല്ലുകയാണ്. അവിടെ ചെന്നപ്പോള്‍ ചെറിയൊരു സിഗററ്റിന്റെ ലൈറ്റ് മാത്രം കാണാം. അവിടെ ഒരു വ്യക്തി മാത്രം ഒറ്റയ്ക്ക് ഇരിപ്പുണ്ടായിരുന്നു. അത് രജനികാന്തായിരുന്നു.
അദ്ദേഹമാണ് അവിടെ ആദ്യമെത്തിയ വ്യക്തി. ഞാന്‍ വരുന്നില്ലെന്ന് വിചാരിച്ചിരുന്നതാണ്. പിന്നെ അങ്ങ് വന്നു എന്നാണ് പുളളി പറഞ്ഞത്. ഇനി മേക്കപ്പ് പോലും വേണ്ട. നിങ്ങള്‍ വേഗം എടുത്തോ സാര്‍ എന്നും രജനികാന്ത് പറഞ്ഞു. ദളപതി വളരെ സ്നേഹം നിറഞ്ഞൊരു സിനിമയായിരുന്നു,’ ശോഭന പറഞ്ഞു.