ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങളുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെയാണ് മുന്‍ എം.എല്‍.എ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണമെന്നാണ് ശോഭനാ ജോര്‍ജിന്റെ പരാതിയില്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായ ശോഭനാ ജോര്‍ജ് പാര്‍ട്ടി ബന്ധം വിട്ട് എല്‍.ഡി.എഫിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ശോഭനയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ യു.ഡി.എഫ് അനുകൂല പേജുകളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ശോഭന ജോര്‍ജ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് വേദി പങ്കിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വേദിയിലിരുന്ന നേതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ ശോഭനയും സന്നിഹിതയായിരുന്നു.
സജി ചെറിയാന് വിജയം ആശംസിച്ച് സംസാരിച്ച ശോഭന ജോര്‍ജ് പിന്നീട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ നിന്നു കോണ്‍ഗ്രസ് പ്രതിനിധിയായി 15 വര്‍ഷം നിയമസഭയിലിരുന്ന ശോഭന ജോര്‍ജ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ചയിലായിരുന്നു.
കോണ്‍ഗ്രസുമായുള്ള ബന്ധം പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ശോഭനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടത്.
Watch This Video: