തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തല: ശോഭന ജോര്‍ജ്ജ്
Chengannur By-Election 2018
തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തല: ശോഭന ജോര്‍ജ്ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th March 2018, 3:11 pm

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്ജ്. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് കെ.പി.സി.സി മുന്‍ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണെന്ന് ശോഭന ജോര്‍ജ്ജ് പ്രതികരിച്ചു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ പരാമര്‍ശം.

“പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം താനാണോ ലീഡറോ എന്നറിയില്ല.”


Also Read:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണി യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി


വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ശോഭനാ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെയും ശോഭന രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ എവിടെയെങ്കിലും എത്തണമെങ്കില്‍ ആരുടെയെങ്കിലും ഓമനയാകണമെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞിരുന്നു. മൂന്നു തവണ ചെങ്ങന്നൂരില്‍ നിന്നും ശോഭന ജോര്‍ജ്ജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാംഗമായിട്ടുണ്ട്.


Also Read: ഐ.പി.എല്ലില്‍ നിന്നും സ്മിത്ത് പുറത്ത്; ഓസീസ് നായകസ്ഥാനത്തിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സും സ്മിത്തിനെ നായകപദവിയില്‍ നിന്നും പുറത്താക്കി


കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ ലീഡര്‍ക്കൊപ്പമായിരുന്നു ശോഭന. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോള്‍ ശോഭനയും ഒപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തി. എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും കാര്യമായ പരിഗണന ലഭിച്ചില്ല.

ചെങ്ങന്നൂരില്‍ വിജയകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.

Watch This Video