തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. നിയമന വിവാദവുമായി ബന്ധപ്പെട്ട സമരവേദിയില്‍ വെച്ചാണ് ശോഭ ഇക്കാര്യം വ്യക്തമാക്കിയത്.
മത്സരിക്കാന്‍ ഏതെങ്കിലും ഒരു നല്ല സീറ്റ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ സമരത്തിന് വന്നത് എന്ന രീതിയില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
‘എന്റെ സഹപ്രവര്‍ത്തകരോട് കേരളത്തിലെ പൊതു സമൂഹത്തോട് പറയാനാഗ്രഹിക്കുന്നത് ഇതാണ്, ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല എന്ന് ഞാന്‍ എന്റെ സംസ്ഥാന നേതൃത്വത്തെയും അഖിലേന്ത്യാ നേതൃത്വത്തെയും കൃത്യമായി അറിയിച്ചിട്ടുണ്ട്.
ഇനി ഏത് മണ്ഡലത്തിലാണ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നത്? എവിടെയാണ് ശോഭയ്ക്ക് സീറ്റ് കിട്ടാന്‍ പോകുന്നത് എന്ന ഒരു കാര്യത്തിനും കൗതുകമുണ്ടാകേണ്ട കാര്യമില്ല. ഞാന്‍ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് സംസ്ഥാന ഘടകത്തെയും അഖിലേന്ത്യാ ഘടകത്തെയും വളരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്,’ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയുടെ പ്രചാരണ രംഗത്തുണ്ടാകുമെന്നും ബി.ജെ.പിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും ശോഭ പറഞ്ഞു.
പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമരത്തെ പിന്തുണച്ച് കൊണ്ട് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ എത്തിയിരുന്നു. 48 മണിക്കൂര്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനിടെയാണ് ഒറ്റയാള്‍ സമരവുമായി ശോഭ രംഗത്തെത്തിയത്. മത്സരത്തിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു.
സ്ത്രീകള്‍ മത്സരരംഗത്ത് വരണം എന്ന് ആവശ്യപ്പെട്ട ആളാണ് താന്‍ എന്നും താന്‍ പിന്മാറുന്നത് സ്ത്രീകള്‍ മത്സര രംഗത്ത് വരാനാണെന്നും ശോഭ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക