കണ്ണൂര്‍: പൊലീസിനെ നേരിടാന്‍ ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
പൊലീസിനെ നേരിടാന്‍ ആര്‍.എസ്.എസിന്റെ പരിശീലനം ലഭിച്ച വിഭാഗമായ നിയുക്തയെ രംഗത്തിറക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.
ക്ഷേത്രങ്ങളില്‍ നടവരവ് കുറക്കുകയെന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലും പണമിടരുതെന്ന് ഭക്തര്‍ക്ക് ബി.ജെ.പി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
“ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ഇനി പൈസ നിക്ഷേപിക്കരുത് എന്ന് ഞങ്ങള്‍ ഭക്ത വിശ്വാസികളോട് അപേക്ഷിക്കുകയാണ്. അഭ്യര്‍ത്ഥിക്കുകയാണ്. കാരണമെന്താണെന്ന് അറിയുമോ, ഈ കോടാനുകോടി രൂപ വരുമ്പോള്‍ ഒരു നീതി പൂര്‍വ്വകമായ സമീപനം ഈ പൈസ കൊണ്ടുവന്നിടുന്ന ഭക്തരോട് ഇല്ല എങ്കില്‍ ആ ഗവണ്‍മെന്റിനെ കണ്ണു തുറപ്പിക്കാന്‍ ഇത് വളരെ ആവശ്യമായിട്ടുള്ള ഒരു നടപടി ക്രമമായിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്.
അതിനിടെ ശബരിമലയിലേക്ക് കൂടുതല്‍ എം.പിമാരെയും എം.എല്‍.എമാരെയും എത്തിക്കുകയെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളെ ഇന്ന് സന്നിധാനത്തെത്തിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ വലിയ നടപ്പന്തലിനു സമീപം എത്തിയിട്ടുണ്ട്.
കര്‍ണാടകയിലെ മുന്‍ നിയമമന്ത്രിയും എം.എല്‍.എയുമായ സുരേഷ് കുമാര്‍, ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്നുള്ള എം.പി പി. മോഹന്‍ എന്നിവരാണ് വലിയ നടപ്പന്തലില്‍ എത്തിയിട്ടുള്ളത്.