| Tuesday, 9th February 2021, 10:30 pm

വിമര്‍ശകനെ വിതുമ്പലോടെ യാത്രയാക്കുന്ന മോദി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ രാജ്യസഭയിലെ വിടവാങ്ങലില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തങ്കലിപികളാല്‍ അടയാളപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.

തന്റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ശോഭ ഫേസ്ബുക്കിലെഴുതി.

ഇന്ത്യന്‍ മുസ്‌ലിം എന്ന സ്വയം വിശേഷിപ്പിച്ച കോണ്‍ഗ്രസുകാരനായ നേതാവിനോട് പോലും ആദരവ് അര്‍പ്പിച്ച പ്രധാനമന്ത്രിയുടെ നിലപാട് വിയോജിപ്പുകളോട് പോലും പ്രതികരിക്കാന്‍ പ്രചോദിപ്പിക്കുന്നതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഗുലാം നബി ആസാദിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോദി വാക്കുകള്‍ ഇടറി സംസാരിച്ചത്.

പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്.

ജമ്മുകശ്മീരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തെക്കുറിച്ച് പറയുന്നതിന് ഇടയിലാണ് മോദി വിതുമ്പിയത്. തന്നെ ആദ്യം വിളിച്ച് വിവരം പറഞ്ഞത് ആസാദായിരുന്നുവെന്നും മോദി പറഞ്ഞു.

കശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികളെ രക്ഷിക്കാന്‍ ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത ശ്രമം ഞാനൊരിക്കലും മറക്കില്ല. ആ രാത്രി ഗുലാം നബി ആസാദ് എന്നെ വിളിച്ചു. സ്വന്തം കുടുംബാംഗങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നത് പോലെയായിരുന്നു അദ്ദേഹം ഇടപെട്ടതെന്നും മോദി പറഞ്ഞു.

വിടവാങ്ങല്‍ പ്രസംഗത്തിനിടെ ഗുലാം നബി ആസാദും വിതുമ്പിയിരുന്നു. ഒരു ഹിന്ദുസ്ഥാനി മുസ്‌ലിമായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദം തുടച്ചുനീക്കണമെന്നും ഗുലാം നബി ആസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.

കശ്മീരില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഇന്ത്യന്‍ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോണ്‍ഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീര്‍കണം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sobha Surendran response on Narendra modi emotional speech in rajyasabha

We use cookies to give you the best possible experience. Learn more