| Tuesday, 4th December 2018, 2:12 pm

പിഴയടക്കില്ല; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ച് കോടതിയെ സമീപിച്ചതിന്റെ പേരില്‍ ഹൈക്കോടതി ഈടാക്കിയ പിഴ അടക്കില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. തന്റെ ഹരജി തള്ളി ഹൈക്കോടതി നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതിക്കും മുകളില്‍ കോടതിയുണ്ട്. സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

“പൊതുതാല്‍പര്യ ഹരജികള്‍ പലതും തള്ളുന്ന സാഹചര്യം കോടതി മുമ്പാകെ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് ഇത് ഒരു പബ്ലിസിറ്റിയുടെ ആവശ്യകതയിലേക്ക് വേണ്ടി കൊടുത്തിട്ടുള്ള ഒരു പൊതുതാല്‍പര്യ ഹരജിയല്ല. സ്വാഭാവികമായും ഞാന്‍ പിഴയടക്കുന്ന പ്രശ്‌നവുമുദിക്കുന്നില്ല. ഞാന്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കും.

“അയ്യപ്പ ഭക്തവിശ്വാസികളുമായി ബന്ധപ്പെട്ടുള്ള നിരവധി വിഷയങ്ങള്‍, അത് പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. സ്വാഭാവികമായിട്ടും അനധികൃതമായി പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കള്ളക്കേസുകളില്‍ അയ്യപ്പഭക്തന്മാരെപ്പെടുത്തി കഴിഞ്ഞ നാല്‍പ്പതു ദിവസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ഞങ്ങളുടെ ഭക്തവിശ്വാസികളായിട്ടുള്ള പാവപ്പെട്ട സഹോദരന്മാര്‍ കിടക്കുകയാണ്. സ്വാഭാവികമായും ഹൈക്കോടതിയുടെ മുകളില്‍ ഒരു കോടതിയുണ്ട് എന്നിരിക്കെ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്.” എന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

മാപ്പു പറഞ്ഞുവെന്നുള്ള വാര്‍ത്തകളോട് ശോഭയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഇന്റര്‍മെന്‍ഷനെക്കുറിച്ച് വക്കീല്‍ ഏത് രീതിയിലാണ് അവിടെ സംസാരിച്ചത് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. അത് സ്വാഭാവികമായിട്ടും അതിനെക്കുറിച്ച് അദ്ദേഹവുമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ സംസാരിക്കാം.”

“ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട്, കേസാണ് പരിഗണനയ്ക്ക് എടുത്തിട്ടുള്ളത്. ആ പരിഗണനയ്‌ക്കെടുത്ത കേസില്‍ ഒരു പിഴ അടയ്ക്കണം എന്നുള്ള സാഹചര്യത്തിലേക്ക് ഹൈക്കോടതി നിരീക്ഷണം നടത്തുമ്പോള്‍ സ്വാഭാവികമായും എന്റെ അടുത്ത വഴിയെന്നുള്ളത് മേല്‍ക്കോടതിയെ സമീപിക്കുകയെന്നുള്ളതാണ്. വക്കീലുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് വക്കീലുമായിട്ട് സംസാരിക്കാം.” എന്നും ശോഭാ സുരേന്ദ്രന്‍ വിശദീകരിച്ചു.

ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹരജിയുടെ പേരില്‍ ശോഭാ സുരേന്ദ്രനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

വിലകുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതി ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ശോഭാ സുരേന്ദ്രന് മുന്നറിയിപ്പു നല്‍കി. വികൃതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

Also Read:ബുലന്ദ്ശഹര്‍ കലാപം വി.എച്ച്.പിയും ആര്‍.എസ്.എസും മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചന: പൊലീസ് ചില ബി.ജെ.പി നേതാക്കളുടെ പേരും പറയുന്നു; ഗൂഢാലോചന ആരോപണം ശരിവെച്ച് യു.പി മന്ത്രി

കേരളത്തില്‍ പൊലീസ് അതിക്രമം വര്‍ധിച്ചിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതി വിധിക്കനുസരിച്ച നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പ്രതികളെ കോടതി കുറ്റമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്ത സര്‍ക്കാര്‍ നിരപരാധികളെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ഹരജിയില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ പൊലീസ് അപമാനിച്ചതായി ഹരജിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ കുറ്റമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണെമന്ന് കിഷന്‍ഭായി കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. കേരളത്തില്‍ ഇത് നടപ്പാക്കിയിട്ടില്ല.

Must Read: ഇന്ന് എനിക്ക് അച്ഛനെ നഷ്ടമായി, നാളെ മറ്റാര്‍ക്കോ നഷ്ടമാകാനിരിക്കുന്നു; ഇത് മതത്തിന്റെ പേരില്‍ നടന്ന കൊലപാതകം: സുബോധ് കുമാര്‍ സിങ്ങിന്റെ മകന്‍ അഭിഷേക് പറയുന്നു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചെന്നും ശോഭ ഹരജിയില്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more