ഒടുവില്‍ ഒത്തുതീര്‍പ്പ് ? ; കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ പങ്കെടുത്ത് ശോഭാ സുരേന്ദ്രന്‍
Kerala Election 2021
ഒടുവില്‍ ഒത്തുതീര്‍പ്പ് ? ; കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ പങ്കെടുത്ത് ശോഭാ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 3:01 pm

കണ്ണൂര്‍: സംസ്ഥാന നേതൃത്വവും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഒത്തു തീര്‍പ്പിലേക്ക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയ യാത്രയില്‍ സജീവമായി ശോഭ സുരേന്ദ്രന്‍ പങ്കെടുത്തു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത വിജയ യാത്രയുടെ ഉദ്ഘാടന ദിനത്തില്‍ കാസര്‍ഗോഡും രണ്ടാം ദിനത്തില്‍ കണ്ണൂരും സജീവമായി ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു.

സംസ്ഥാന നേതൃത്വവുമായി പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് വിട്ടു നിന്ന ശോഭാ സുരേന്ദ്രന്‍ 9 മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ജാഥയില്‍ തന്നെ സജീവമായി പങ്കെടുക്കുന്നത് പാര്‍ട്ടിയിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഭവിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്ന ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശോഭ വിജയ യാത്രയില്‍ പങ്കെടുത്തതെന്നാണ് ശോഭയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഏത് മണ്ഡലത്തിലാണ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നത്? എവിടെയാണ് ശോഭയ്ക്ക് സീറ്റ് കിട്ടാന്‍ പോകുന്നത് എന്ന ഒരു കാര്യത്തിനും കൗതുകമുണ്ടാകേണ്ട കാര്യമില്ല. ഞാന്‍ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് സംസ്ഥാന ഘടകത്തെയും അഖിലേന്ത്യാ ഘടകത്തെയും വളരെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്,’ എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

പാര്‍ട്ടിയുടെ പ്രചാരണ രംഗത്തുണ്ടാകുമെന്നും ബി.ജെ.പിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും ശോഭ പറഞ്ഞിരുന്നു. ശോഭയുടെ പരസ്യ പ്രതികരണം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രന്‍ സ്വമേധയാ ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസ സമരം മത്സരിക്കാന്‍ ഏതെങ്കിലും ഒരു നല്ല സീറ്റ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന തരത്തിലുള്ള പ്രചാരണം വന്നതോടെയാണ് വിശദീകരണവുമായി ശോഭ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

നേരത്തെ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ജെ.പി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭാ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നെങ്കിലും പ്രശ്നത്തില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം പൊതുവേദിയില്‍ നിന്ന് മാറിനിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് ജെ.പി നദ്ദ പങ്കെടുത്ത ബി.ജെ.പി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്. അന്ന് സംഘടനാ പ്രശ്‌നവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലൊന്നും വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.

ബി.ജെ.പിയുടെ സമര പരിപാടികളില്‍ പ്രധാന സാന്നിദ്ധ്യമായിരുന്ന ശോഭാ സുരേന്ദ്രന്‍ പെട്ടെന്ന് ഇവിടങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു. ഒരുസമയത്ത് ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നായിരുന്നു ഇവരുടേത്. എന്നാല്‍ കെ. സുരേന്ദ്രന് അധ്യക്ഷസ്ഥാനം നല്‍കിയ ബി.ജെ.പി ശോഭ സുരേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്.

കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നത്.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ ആദ്യ പ്രതികരണം.

മാസങ്ങളായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sobha Surendran participated in K. Surendran vijaya yathra BJP Keralam