പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കാതെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. കാര്യങ്ങളെല്ലാം സുരേന്ദ്രന്‍ തന്നെ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാര്‍ട്ടി എന്നുമാണ് ശോഭയുടെ പ്രതികരണം.
‘പറയുന്നതിനെല്ലാം സുരേന്ദ്രന്‍ വിശദീകരണം നല്‍കുന്നുണ്ട്. വ്യക്തികളല്ല പാര്‍ട്ടി. കേസില്‍ നിയമനടപടികള്‍ക്ക് അദ്ദേഹം വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍ ഒളിവില്‍ അല്ല. അദ്ദേഹം ഒളിവില്‍ ആണെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഒളിച്ചുകളി മാത്രമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളെ മറയ്ക്കാനാണ് തനിക്കെതിരെ നോട്ടീസയച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരെയുള്ള കേസുകള്‍ ശ്രദ്ധിക്കുന്നതേയില്ലെന്നും പാര്‍ട്ടി കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സാക്ഷിമൊഴി എടുക്കാനുള്ള നോട്ടീസ് മാത്രമാണ്. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ച് ആസൂത്രിതമായ നീക്കമാണ് സി.പി.ഐ.എം. നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മോദിയുടെ പണമെടുത്ത് ഇവിടെ കൊടുക്കുമ്പോള്‍ പിണറായിയുടെ കാശായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.
കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.