| Sunday, 12th September 2021, 11:52 am

സി.പി.ഐ.എം എല്‍.ഡി.എഫ് പിരിച്ചുവിട്ട് എന്‍.ഡി.എഫില്‍ ലയിക്കുന്നതാണ് ഉചിതം; പരിഹാസവുമായി ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം എല്‍.ഡി.എഫ് പിരിച്ചുവിട്ട് എന്‍.ഡി.എഫില്‍ ലയിക്കുന്നതാണ് ഉചിതമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.
നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.

നേരത്തെ ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോയത് മറക്കരുതെന്നും ശോഭ പറഞ്ഞു.

നാര്‍ക്കോട്ടിക്ക്  ജിഹാദ് ചര്‍ച്ചയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും നിര്‍ജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പൊലീസും എന്‍.ഐ.എയും കേരളത്തില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാന്‍ കഴിയാത്ത കേരള പൊലീസിനു വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ സിറ്റിംഗ് ജഡ്ജ് അധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സി.പി.ഐ.എം എല്‍.ഡി.എഫ് പിരിച്ചുവിട്ട് എന്‍.ഡി.എഫില്‍ ലയിക്കുന്നതാണ് ഉചിതമെന്നും ശോഭ പറഞ്ഞു.

അതേസമയം, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രവും രംഗത്തെത്തിയിരുന്നു. മുസ്‌ലിം തീവ്രവാദികളെ ഭയന്നിട്ടാണ് മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്ന തരത്തില്‍ സംസാരിച്ചതെന്നാണ് ദീപിക പറയുന്നത്.

‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുള്ള എഡിറ്റോറിയലായിരുന്നു ദീപിക എഴുതിയിരുന്നത്. ‘അപ്രിയസത്യങ്ങള്‍ പറയരുതെന്നോ’ എന്നായിരുന്നു ഇതിന്റെ തലക്കെട്ട്.

മുഖ്യമന്ത്രിക്ക് അജ്ഞതയാണെന്നാണ് ദീപിക പറയുന്നത്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന തരത്തിലാണ് ദീപികയുടെ എഡിറ്റോറിയല്‍.

മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗംകൂടി അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ. മാണി തുറന്നുപറയേണ്ടതുണ്ടെന്നും ദീപിക ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sobha Surendran Mocks LDF

We use cookies to give you the best possible experience. Learn more