| Sunday, 14th March 2021, 6:14 pm

മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത ഭാഗ്യമല്ലേ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്; രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ തീരുമാനത്തെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭ പറഞ്ഞു.

‘ഒ. രാജഗോപാലിനോ കുമ്മനം രാജശേഖരനോ ലഭിക്കാത്ത ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കിയത് ആരാണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്രനേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ശോഭ കൂട്ടിച്ചേര്‍ത്തു.

കോന്നിയിലും മഞ്ചേശ്വരത്തുമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്നും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി തന്നെ നിര്‍ത്തിയിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും മണ്ഡലം സി.പി.ഐ.എമ്മിന്റെ സഹായത്തോടെ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ട് ആ മണ്ഡലം തിരിച്ചു പിടിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്’, സുരേന്ദ്രന്‍ പറഞ്ഞു.

കോന്നിയെ സംബന്ധിച്ചാണെങ്കില്‍ വ്യക്തിപരമായി വളരെ വൈകാരികമായ മണ്ഡലമാണ്. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടങ്ങള്‍ക്ക് നടുവില്‍ വൈകാരികമായ അനുഭവങ്ങളുള്ള സ്ഥലമാണ് കോന്നി. രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞത് ആത്മവിശ്വാസമുള്ളതുകൊണ്ടാണ്, അല്ലാതെ ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടല്ല, കെ. സുരേന്ദ്രന്‍ പറഞ്ഞു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് കേരളത്തിലും ഇന്ത്യയിലും പുതിയ സംഭവമല്ലെന്നും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. മറ്റു 25 സീറ്റുകളില്‍ നാല് സഖ്യകക്ഷികള്‍ മത്സരിക്കും.

നേരത്തെ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് സംസ്ഥാന നേതാക്കള്‍ നിലപാടെടുത്തിരുന്നു.

ബി.ജെ.പിയുടെ വനിത മുഖമായ ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കുന്നില്ല എന്ന് ദല്‍ഹിയിലെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചിരുന്നു. ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല എന്ന് അറിയിച്ചു എന്നായിരുന്നു അതിന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മറുപടി.

ദേശീയ നേതാക്കള്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ കഴക്കൂട്ടത്ത് മത്സരിക്കാമെന്നാണ് ശോഭ സുരേന്ദ്രന്‍ അറിയിച്ചത്. ഇത് ചര്‍ച്ചയായതോടെ കഴക്കൂട്ടം നല്‍കാനാകില്ല എന്ന ഉറച്ചനിലപാട് കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്വീകരിച്ചു.

കോണ്‍ഗ്രസ് വിട്ടുവരുന്ന ഒരു പ്രധാന നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കേണ്ടിവരുമെന്നായിരുന്നു വിശദീകരണം. ബോധപൂര്‍വ്വം സംസ്ഥാന നേതൃത്വം ഒഴിവാക്കി എന്നാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന ചിലരുടെ അഭിപ്രായം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sobha Surendran Mocks K Surendran BJP Kerala Election 2021

We use cookies to give you the best possible experience. Learn more