'തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നു, സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി'; ജെ.എന്‍.യു അക്രമത്തില്‍ ശോഭാ സുരേന്ദ്രന്റെയും കെ.സുരേന്ദ്രന്റെയും പരാമര്‍ശം വിവാദമാവുന്നു
JNU
'തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നു, സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി'; ജെ.എന്‍.യു അക്രമത്തില്‍ ശോഭാ സുരേന്ദ്രന്റെയും കെ.സുരേന്ദ്രന്റെയും പരാമര്‍ശം വിവാദമാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 8:06 am

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പരിഹസിച്ച് ബി.ജെ.പി നേതാക്കള്‍. ശോഭാ സുരേന്ദ്രന്റെയും കെ.സുരേന്ദ്രന്റെയും പരാമര്‍ശമാണ് വിവാദമാവുന്നത്.

തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുന്നതാണെന്നും സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധിയാണെന്നുമാണ് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണെന്നു പറഞ്ഞ കെ.സുരേന്ദ്രന്റെ വാദവും വിവാദമാവുകയാണ്. ജെ.എന്‍.യുവില്‍ കോണ്‍ഗ്രസും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിച്ചത്.

ക്യാംപസിനകത്ത് അക്രമം നടക്കുന്ന സമയത്ത് പൊലീസ് ഗേറ്റിനു പുറത്ത് ഉണ്ടായിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ദല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ബൃന്ദാ കാരാട്ടടക്കമുള്ള ഇടതു നേതാക്കളും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യുവിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നത്ര ജനങ്ങള്‍ ക്യാമ്പസിന്റെ സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് നടിയും ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്വര ഭാസ്‌കര്‍ രംഗത്തു വന്നിരുന്നു. എത്രയും പെട്ടന്ന് ക്യാമ്പസ് ഗേറ്റിന് സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് സ്വര ട്വീറ്റ് ചെയ്തു.