തൃശ്ശൂര്‍: പത്ത് മാസങ്ങള്‍ക്ക് ശേഷം ബി.ജെ.പിയുടെ നേതൃയോഗത്തിനെത്തിയ ശോഭാ സുരേന്ദ്രന് വേദിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപണം. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദ പങ്കെടുത്ത മഹാസമ്മേളന പരിപാടിയുടെ വേദിയില്‍ ഏറ്റവും പിന്നിലെ നിരയിലായിരുന്നു ശോഭയുടെ സീറ്റ്.
ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ശോഭാ സുരേന്ദ്രനെക്കാള്‍ മുന്‍നിരയിലാണ് ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ സീറ്റ്. ജെ. പി നദ്ദയ്ക്ക് ഹാരമണിയിക്കുമ്പോഴും ശോഭാ സുരേന്ദ്രന്‍ മുന്‍നിരയിലേക്ക് എത്തിയില്ല.
മുന്‍ നിരയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എ. പി അബ്ദുള്ളക്കുട്ടി, ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കെ. ബി ശ്രീധരന്‍, പി. കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
നദ്ദയുമൊത്തുള്ള ഫോട്ടോയിലും ശോഭയുണ്ടായിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ശോഭ കാര്യമായി പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി.
ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു യോഗത്തിന് ഞാന്‍ വരുന്നു. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് പ്രതികരിച്ചത്.
നേരത്തെ വെള്ളിയാഴ്ച തൃശ്ശൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാനസമിതി യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും വലിയ ഒരു കുടുംബമാണ് ബി.ജെ.പിയെന്നുമായിരുന്നു നദ്ദ പറഞ്ഞത്. പാര്‍ട്ടിയിലെ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നായിരുന്നു നേരത്തെ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ജെ.പി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭാ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളാണ് ശോഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് വി.മുരളീധരനും കോന്നിയില്‍ കെ.സുരേന്ദ്രനും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ.സുരേന്ദ്രന്‍ അവിടെത്തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്ന ശോഭ മത്സരിച്ചാല്‍ വോട്ട് കുറയുമെന്നാണ് മുരളീധരന്റെ പക്ഷം പറയുന്നത്.
50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു.
അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sobha Surendran gets negligence from Party stage where J P Nadda also participated