| Thursday, 29th October 2020, 2:58 pm

ഒളിച്ചോടി പോയെന്ന് വ്യാജവാര്‍ത്ത; പൊലീസില്‍ പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്.

ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വന്നുകൊണ്ടിരുന്ന വാര്‍ത്ത. പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബി.ജെ.പി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെയാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

‘വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കും പ്രസിദ്ധീകരിച്ചവര്‍ക്കുമെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ടിട്ടുകൊണ്ടാണ് പരാതി നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില്‍ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്‍കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ്.

സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്‍ത്തയാണ് ഇത്. അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.

ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sobha Surendran files complaint over fake news spread against her

We use cookies to give you the best possible experience. Learn more