| Wednesday, 8th February 2023, 2:36 pm

വെളുത്ത പഞ്ചാരയില്‍ നിന്നും 'ഇരുട്ടില്‍ പേടിപ്പിക്കുന്ന മുഖത്തിലേക്ക്', സൗബിന്റെ തമാശയില്‍ മലയാളി ചിരിക്കണോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരാളുടെ മുഖവും അയാളുടെ നിറവുമൊക്ക എങ്ങനെയൊണ് തമാശയാവുക. ഇന്നും ഇത്തരം ബോഡി ഷേമിങ് തമാശകള്‍ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെങ്കില്‍, അവനവന്റെ രാഷ്ട്രീയ നിലവാരം ഒന്ന് അളന്നുനോക്കുന്നത് വളരെ നല്ലതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രോമാഞ്ചം സിനിമയുടെ അഭിനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് മനോരമ ഓണ്‍ലൈന് ഒരു അഭിമുഖം നല്‍കുന്നു. അതിനിടയിലാണ് നടന്‍ സൗബിന്‍ ഷാഹിര്‍ ഒരു ബോഡി ഷേമിങ് പരാമര്‍ശം നടത്തുന്നത്.

സിനിമ ഹൊറര്‍ അല്ല കേട്ടോ, ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ എന്നാണ് അബിന്‍ ബിനോയെ ചൂണ്ടി അഭിമുഖത്തിനിടയില്‍ സൗബിന്‍ പറഞ്ഞത്. ശോഭ എന്താ ചിരിക്കുന്നില്ലേ. കൊക്ക് എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെഒതളങ്ങ തുരുത്ത് സീരിസിലെ നത്ത് എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അബിന്‍ ബിനോ.

സൗബിന്റെ ഈ ഇന്റര്‍നാഷണല്‍ തമാശ കേട്ട് ചിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. സോഷ്യല്‍ മീഡിയയും മറ്റ് പുരോഗമന ചിന്താഗതിയുള്ളവരും ഇതിനെയൊരു തമാശയായി കാണാനും വെറുതെ ചിരിച്ച് തള്ളാനും തയ്യാറായില്ല. സൗബിനിപ്പോള്‍ എയറിലാണ്. സൂപ്പര്‍ സ്റ്റാറുകളടക്കം പൊളിറ്റിക്കലി ഓഡിറ്റ് ചെയ്യപ്പെടുന്ന ഇക്കാലത്താണ് താരം ഇത്തരത്തിലുള്ള പിന്‍തിരിപ്പിന്‍ തമാശയുമായി വരുന്നത്.

പുരോഗമനം സിനിമയില്‍ മാത്രം പോരാ ജീവിതത്തിലും ആവശ്യമാണെന്നാണ് സൗബിന്‍ പ്രശ്‌നത്തില്‍ പലരുടെയും അഭിപ്രായം. സൗബിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. ഒരു വേദിയിലിരുന്ന് ഒരുപാട് ആളുകള്‍ കാണുന്ന പരിപാടിയില്‍ ഒരാളെ തമാശയുടെ പേരില്‍ കളിയാക്കുന്നത് മനുഷ്യത്വരഹിതമാണെന്നാണ് ഒരു പക്ഷം പറയുന്നത്.

ശരീരത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ജന്‍ഡറിന്റെ പേരിലും ജാതിയുടെ പേരിലുമൊക്കെ കാലാകാലങ്ങളായി എത്രയോ മനുഷ്യത്വരഹിതമായ തമാശകളാണ് നമ്മള്‍ പടച്ചുവിട്ടിട്ടുള്ളത്. അത്തരം തമാശകളൊക്കെ പൊതുവേദികളിലും ക്ലാസ് റൂമുകളിലും വീടുകളിലുമൊക്കെയായി എത്രയോ മനുഷ്യരെയാണ് വേദനിപ്പിച്ചിട്ടുള്ളത്. അന്ന് അതൊക്കെ കേട്ട് നമ്മള്‍ പൊട്ടി ചിരിക്കുകയും കയ്യടിക്കുകയും ചെയ്തു.

എന്നാല്‍ ഇന്ന് കാലം മാറി ദിനംപ്രതി നിങ്ങളും നിങ്ങളുടെ നിലപാടുകളും ഓഡിറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തരം പിന്തിരിപ്പന്‍ തമാശകളുടെ എണ്ണം കുറഞ്ഞുവെന്നല്ല പറഞ്ഞുവരുന്നത്. അത്തരം നിലപാടുകളും തമാശകളും ചോദ്യം ചെയ്യപ്പെടുമെന്നാണ്. എന്നാല്‍ പൊളിറ്റിക്കല്‍ കറക്ടനെസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ വാളും പരിചയുമായി യുദ്ധം ചെയ്യാന്‍ വരുന്ന ചില ആളുകള്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. അവരില്‍ ചിലര്‍ സൗബിനെ ന്യായികരിച്ച് രംഗത്ത് വരുന്നുണ്ട്.

അത്തരം പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് വിരോധികളോടാണ്, പത്ത് കൊല്ലങ്ങള്‍ മുമ്പ് ഇത്തരം തമാശകള്‍ക്ക് കയ്യടിക്കുകയും ചിരിക്കുകയും ചെയ്തതുകൊണ്ട്, ഇന്നും വാ പൂട്ടിയിരുന്ന് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നമ്മള്‍ കയ്യടിക്കണോ. സിവിലൈസ്ഡായ മനുഷ്യര്‍ കാലത്തിനനുസരിച്ച് മാറുകയും വളരുകയും ചെയ്യണം. അല്ലാതെ പണ്ട് ഇങ്ങനെ പറഞ്ഞില്ലേ അതുകൊണ്ട് ഇനിയും ഇങ്ങനെ മതി എന്ന് പറഞ്ഞ് നിന്നിടത്ത് നിന്ന് ബസ് കയറാതെ നില്‍ക്കുക അല്ല ചെയ്യേണ്ടത്.

മലയാള സിനിമയില്‍ ഏറ്റവും അപ്‌ഡേറ്റഡായ താരങ്ങളെന്ന് നമ്മള്‍ കരുതുന്നവരില്‍ നിന്നുമാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. മമ്മൂട്ടി വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് സൗബിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നത്. ഒരു മനുഷ്യനും നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായിട്ടല്ല ഇവിടെ ജനിച്ചുവീഴുന്നത്. എന്നാല്‍ കാലത്തിനനുസരിച്ച് മാറുകയും തിരുത്തുകയും ചെയ്യുകയെന്നത് അനിവാര്യമാണ്.

content highlight: soacial media trolls against saubin shahir

We use cookies to give you the best possible experience. Learn more