''പ്രിയപ്പെട്ട മാലിക് ജി, താങ്കളുടെ ദുര്‍ബലമായ മറുപടി കണ്ടു, എനിക്ക് എപ്പോഴാണ് വരാന്‍ കഴിയുകയെന്ന് പറയൂ': സത്യപാല്‍ മാലികിനെതിരെ വീണ്ടും രാഹുല്‍
India
''പ്രിയപ്പെട്ട മാലിക് ജി, താങ്കളുടെ ദുര്‍ബലമായ മറുപടി കണ്ടു, എനിക്ക് എപ്പോഴാണ് വരാന്‍ കഴിയുകയെന്ന് പറയൂ': സത്യപാല്‍ മാലികിനെതിരെ വീണ്ടും രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 12:05 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വിമര്‍ശനത്തിന് മറുപടിയുമായി വീണ്ടും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിബന്ധനകളൊന്നും പാലിക്കാതെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ആളുകളെ കാണാനുള്ള താങ്കളുടെ ക്ഷണം താന്‍ സ്വീകരിക്കുന്നെന്നും
തനിക്ക് എപ്പോഴാണ് വരാന്‍ കഴിയുകയെന്നുമായിരുന്നു രാഹുലിന്റെ പുതിയ ട്വീറ്റ്.

”പ്രിയപ്പെട്ട മാലിക് ജി
എന്റെ ട്വീറ്റിനോടുള്ള താങ്കളുടെ ദുര്‍ബലമായ മറുപടി കണ്ടു. നിബന്ധനകളൊന്നും പാലിക്കാതെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ആളുകളെ കാണാനുള്ള നിങ്ങളുടെ ക്ഷണം ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് എപ്പോഴാണ് വരാന്‍ കഴിയുക?”- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു രാഹുല്‍ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മാലികിന്റെ ആരോപണം.

പൊതുജനങ്ങള്‍ക്കു പ്രശ്നമുണ്ടാക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമായി പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘത്തെ കൊണ്ടുവരാനാണ് രാഹുല്‍ അനുമതി ചോദിച്ചിരിക്കുന്നതെന്നും

തടവില്‍ക്കഴിയുന്ന നേതാക്കളെ കാണുന്നതടക്കമുള്ള നിബന്ധനകളാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പേ മുന്നോട്ടുവെച്ചിരിക്കുന്നതെന്നുമായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്.

കശ്മീരിലെ സ്ഥിതിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത കേട്ടിട്ടാവും രാഹുല്‍ പ്രതികരിക്കുന്നത്. അവഗണിക്കാവുന്ന സംഭവങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടായിരിക്കുന്നത്. താഴ്വരയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ ചാനലുകള്‍ അദ്ദേഹം പരിശോധിക്കട്ടെയെന്നും മാലിക് പറഞ്ഞിരുന്നു.

നേരത്തേ തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന മാലിക്കിന്റെ പരിഹാസത്തിന് രാഹുല്‍ മറുപടി പറഞ്ഞിരുന്നു. തങ്ങള്‍ കശ്മീരിലേക്കു വരുന്നുണ്ടെന്നും അതിന് തങ്ങള്‍ക്ക് എയര്‍ക്രാഫ്‌റ്റൊന്നും വേണ്ട സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മാത്ര മതിയെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘പ്രിയ ഗവര്‍ണര്‍ മാലിക്, ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് ഒന്നും വേണ്ട, സഞ്ചരിക്കാനും ജനങ്ങളെക്കാണാനും മുഖ്യധാരാ നേതാക്കളേയും അവിടെ നിലയുറപ്പിച്ച നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതി.’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.