ഇത് നിലവാരമില്ലാത്ത ഐ.പി.എല്‍ ആണ്; തുറന്നടിച്ച് മുഹമ്മദ് കൈഫും സിദ്ധുവും
Sports News
ഇത് നിലവാരമില്ലാത്ത ഐ.പി.എല്‍ ആണ്; തുറന്നടിച്ച് മുഹമ്മദ് കൈഫും സിദ്ധുവും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 8:40 am

കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങിനും അശുദോഷ് ശര്‍മക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

അശുദോഷ് 15 പന്തില്‍ നിന്നും 33 റണ്‍സ് നേടിയപ്പോള്‍ ശശാങ്ക് 25 പന്തില്‍ 46 റണ്‍സും നേടി പുറത്താകാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അവസാന ഓവറില്‍ 29 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ അശുദോഷ് മികച്ച പ്രകടനം നടത്തി. എന്നാല്‍ അവസാനപന്തില്‍ ഒരു പന്തില്‍ എട്ട് റണ്‍സ് വിജയിക്കാനിരിക്കെ ശശാങ്ക് സ്‌ക്‌സര്‍ അടിച്ചപ്പോള്‍ വെറും രണ്ട് റണ്‍സിനായിരുന്നു ടീം പരാജയപ്പെട്ടത്.

പഞ്ചാബും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ ഏകദേശം ഏഴ് ക്യാച്ചുകളാണ് കൈവിട്ടു കളഞ്ഞത്. രണ്ട് ഫ്രാഞ്ചൈസികളിലെയും കളിക്കാര്‍ മോശം ഫീല്‍ഡിങ്ങാണ് കാഴ്ചവെച്ചത്. പഞ്ചാബിന്റെ ശശാങ്ക് സിങ്ങും ഒരു ക്യാച്ച് കൈവിട്ടു.

2024 ഐ.പി.എല്‍ ഏകദേശം 66-67 ക്യാച്ചുകള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും നിലവാരം കാണിക്കുന്നില്ലെന്നും സിദ്ധു പറഞ്ഞു.

‘ക്യാച്ചുകള്‍ എടുത്താല്‍ മത്സരങ്ങള്‍ ജയിക്കാം, പക്ഷേ കളിക്കാര്‍ ഫീല്‍ഡിങ് ആസ്വദിക്കുന്നില്ല. ഒന്നുകില്‍ അവരുടെ കൈകളില്‍ എണ്ണ തേച്ചിരിക്കുന്നു, അല്ലെങ്കില്‍ സ്‌കിന്‍ അലര്‍ജിയുണ്ടാക്കുന്നു. നിങ്ങള്‍ ഫീല്‍ഡങ് ആസ്വദിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ക്യാച്ചുകള്‍ എടുക്കാന്‍ കഴിയില്ല,’നവജ്യോത് സിങ് സിദ്ധു പറഞ്ഞു.

ദല്‍ഹി കാപിറ്റല്‍സിനും ഗുജറാത്ത് ലയണ്‍സിനും ഒപ്പം പ്രവര്‍ത്തിച്ച മുഹമ്മദ് കൈഫും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ ഐ.പി.എല്ലില്‍ 600-700 ക്യാച്ചുകള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഫീല്‍ഡിങ്ങിനായി സമയം ചെലവഴിക്കാന്‍ കളിക്കാര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ഒഴിവുകഴിവുകളുണ്ട്, ഫീല്‍ഡിങ് സെഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ തയ്യാറാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 600-700 ക്യാച്ചുകളാണ് ലീഗില്‍ ഉപേക്ഷിച്ചത്. ക്യാച്ച് പിടിക്കാനും ഫീല്‍ഡ് ചെയ്യാനും കളിക്കാര്‍ക്ക് താല്‍പ്പര്യമില്ല. അവര്‍ മണിക്കൂറുകള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ചെലവഴിക്കുന്നു,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

 

 

Content Highlight: So Many Catches Missed In IPL