സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവും: ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്
World News
സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവും: ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 2:25 pm

മനില: സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. ബലാത്സംഗങ്ങളെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തി വിവാദത്തിലാവാറുള്ള ആളാണ് ഡ്യൂട്ടേര്‍ട്. ഇതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡ്യൂട്ടേര്‍ട്.

തന്റെ ജന്മ നഗരമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. നേരത്തെ റോഡിഗ്രോ മേയറായിരുന്ന നഗരമാണ് ഡാവോ. “ആരെങ്കിലും തങ്ങളെ പീഡനത്തിന് ഇരയാക്കു എന്ന് അപേക്ഷിക്കുമോ? അതിന് സ്ത്രീകള്‍ സമ്മതിക്കുമോ? ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത്”- ഡ്യൂട്ടേര്‍ട് പറയുന്നു.

Read:  ബോക്‌സിങ്ങില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം: മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡ്

രാജ്യത്തെ വനിതാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് താന്‍ പറഞ്ഞത് ഒരു തമാശയാണെന്നും അതിന് അമിത പ്രാധാന്യം നല്‍കരുതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ജോലിയുടെ ഭാഗമായി ഒരു സൈനികന്‍ മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യുന്നത് താന്‍ അംഗീകരിക്കും എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റിന്റെ പ്രസ്താവന.

നേരത്തെ റൊഡ്രിഗോ ഡ്യൂട്ടേര്‍ട് മേയറായിരുന്ന കാലത്ത് ഓസ്ട്രേലിയന്‍ മിഷണറി പ്രവര്‍ത്തകയായ ജാക്വിലിന്‍ ഹാമിലിന്‍ സഹതടവുകാര്‍ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള പ്രസ്താവന വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. “അവര്‍ ബലാത്സംഘം ചെയ്യപ്പെട്ടതിന്‍ എനിക്ക് ദേഷ്യമുണ്ട്. പക്ഷെ അവര്‍ അത്രക്ക് സുന്ദരിയായിരുന്നു. അവരെ ആദ്യം കാണേണ്ടത് ഞാനായിരുന്നു.” എന്നാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് അന്ന് പറഞ്ഞുകളഞ്ഞത്.

Read:  എന്നെ ഹിറ്റാക്കിയവര്‍ തന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നു; നസ്രിയയെ സന്തോഷിപ്പിക്കാന്‍ തന്നെ ട്രോളുന്നതെന്തിനെന്നും പ്രിയ വാര്യര്‍

കുട്ടികളെ ബലാത്സംഘം ചെയ്യുന്നത് തനിക്കിഷ്ടമില്ലെന്നും എന്നാല്‍ അവര്‍ മിസ് യൂണിവേഴ്സ് ആണെങ്കില്‍ അതില്‍ തെറ്റില്ലെന്ന ക്രൂരമായ പ്രസ്താവനയും ഡ്യൂട്ടേര്‍ട് ഒരിക്കല്‍ നടത്തി. തന്റെ മകള്‍ ബലാത്സംഘം ചെയ്യപ്പെട്ടെന്ന് പറഞ്ഞാല്‍ അവളെ താന്‍ നാടകനടിയെന്ന് വിളിക്കുമെന്നും ഇയാള്‍ ഒരിക്കല്‍ പറയുകയുണ്ടായി.