ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.
ശനിയാഴ്ച നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ മക്ടോമിനായി, ആന്റണി മാർഷ്യൽ എന്നിവരാണ് യുണൈറ്റഡിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.
ഇതോടെ മത്സരത്തിൽ വിജയിച്ച യുണൈറ്റഡിന് പോയിന്റ് ടേബിളിലെ ടോപ്പ് ഫോർ പൊസിഷൻ നിലനിർത്താൻ സാധിച്ചു.
യുണൈറ്റഡ് അക്കാദമിയിലൂടെ കളി പഠിച്ച മക്ടോമിനായിക്ക് എറിക്ക് ടെൻ ഹാഗിന്റെ കീഴിൽ യുണൈറ്റഡിൽ അവസരങ്ങൾ കുറവായിരുന്നു.
ഇതിൽ അമർഷമുണ്ടായിരുന്ന താരം ക്ലബ്ബ് വിടാനുള്ള ശ്രമത്തിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മക്ടോമിനായിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡച്ച് പരിശീലകനായ എറിക് ടെൻ ഹാഗിപ്പോൾ.
“മികച്ച പ്ലെയർ, മികച്ച വ്യക്തിത്വം, എന്റെ സ്‌ക്വാഡിൽ അവൻ ഉള്ളതിലെനിക്ക് വളരെയധികം സന്തോഷമുണ്ട്. അവൻ എല്ലാ ഊർജവും കളിക്കളത്തിൽ ഉപയോഗപ്പെടുത്തുന്ന, ഒട്ടും വിട്ട് കൊടുക്കാൻ തയ്യാറല്ലാത്ത താരമാണ്,’ ടെൻ ഹാഗ് പറഞ്ഞു.
യുണൈറ്റഡ് മധ്യ നിരയിൽ ശ്രദ്ധേയമായ സാന്നിധ്യമായ മക്ടോമിനായി ക്ലബ്ബിന്റെ ടീമിലെ സ്ഥിരം സാന്നിധ്യമായ അക്കാദമി പ്ലെയേഴ്സിൽ ഒരാളാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ കളി പഠിച്ച യുണൈറ്റഡ് അക്കാദമി ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ 2017ലാണ് സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടത്.
യുണൈറ്റഡ് ജേഴ്സിയിൽ മൊത്തം 204 മത്സരങ്ങൾ കളിച്ച താരം മൊത്തം 18 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ക്ലബ്ബിനായി സ്വന്തമാക്കിയത്.