| Friday, 17th February 2023, 3:49 pm

ഇതുവരെയുള്ളത് തന്നെ സംസ്ഥാനങ്ങള്‍ക്ക് തലവേദന; പെട്രോള്‍, ഡീസല്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കെ.എന്‍.ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതമല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെട്രോളിയം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പില്ലെന്നും ഇതുവരെയുള്ള ജി.എസ്.ടികള്‍ സംസ്ഥാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി കുടിശ്ശിക അല്ല പ്രശ്‌നമെന്നും കുടിശ്ശിക അടയ്‌ക്കേണ്ട കാലാവധി നീട്ടി കിട്ടുകയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് ജി.എസ്.ടി തുക അടക്കുന്നതല്ല പ്രശ്‌നമെന്നും അതിന് കാലാവധി അനുവദിച്ച് തരികയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം എല്ലായ്‌പ്പോഴും ഈ കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഇപ്പോഴും അത് തന്നെയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയെ കുറിച്ച് പറഞ്ഞ് നടന്നത് അനാവശ്യ വിവാദങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സര്‍ക്കാര്‍ നേരത്തേ പറഞ്ഞതല്ലേയെന്നായിരുന്നു മറുപടി.

‘കിഫ്ബി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ നിയമങ്ങളും അംഗീകരിച്ചിട്ടുള്ള കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്‌തോണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിട്ടുമുണ്ട്. അതുമായി ബന്ധപ്പെട്ട് അന്വേഷിച്ച എല്ലാ ഏജന്‍സികളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉള്‍പ്പെടെയുള്ള അനുമതിയോട് കൂടി ചെയ്ത കാര്യങ്ങളെ കുറിച്ച് വിവാദമുണ്ടാക്കേണ്ട ഒരു കാര്യവുമില്ല എന്ന് വ്യക്തമാകുകയാണ്,’ അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളിലെ പുതിയ തസ്തികകളെ കുറിച്ചും അതിന് നല്‍കേണ്ട സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഫയല് വരുന്നുണ്ടെന്ന് പത്രത്തില്‍ കാണുന്നുണ്ട്. ഫയല്‍ വരട്ടെ. ഇത്തരം കാര്യങ്ങളെല്ലാം സാധാരണ പ്രക്രിയയാണ്. എല്ലാ വകുപ്പുകളില്‍ നിന്നും ഫയലുകള്‍ വരും. അത് ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് നിയമപരമായ കാര്യങ്ങള്‍ നോക്കും. അല്ലാത്ത പുതിയ കാര്യങ്ങളൊന്നും വന്നിട്ടില്ല. ഫയലുകള്‍ വന്നാല്‍ അത് പരിശോധിക്കും. എല്ലാ വര്‍ഷവും ഞങ്ങള്‍ നിരവധി അപ്പോയ്‌മെന്റുകള്‍, വേക്കന്‍സികള്‍, റിട്ടയര്‍മെന്റുകളൊക്കെ ചെയ്യുന്നത്. അതൊക്കെ ഗവണ്‍മെന്റിന്റെ പ്രക്രിയയുടെ ഭാഗമായി ഉള്ളതാണ്,’ അദ്ദേഹം പറഞ്ഞു.

ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വിലവര്‍ധനവിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിന് മാത്രം നികുതി ഈടാക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാണ് പെട്രോളും ഡീസലുമെന്നും അവ ജി.എസ്.ടിയുടെ പരിധിയില്‍ വരാത്തതാന്നെും അദ്ദേഹം പറഞ്ഞിരുന്നു.

അവിടെ കടന്നു കയറി സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത സെസ്സും സര്‍ചാര്‍ജും അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയും പിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണക്കാരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlight: So far it has been a headache for the states; KN Balagopal said that petrol and diesel cannot be included in GST

Latest Stories

We use cookies to give you the best possible experience. Learn more