ലഖ്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് സവര്‍ണ വിഭാഗക്കാര്‍. പ്രതികള്‍ക്ക് ‘നീതി ലഭിക്കണ’മെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ബി.ജെ.പി നേതാവിന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന കഴിഞ്ഞ ദിവസത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ യോഗം ചേരല്‍.
പ്രതികളിലൊരാളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 500ഓളം പേരാണ് ബി.ജെ.പി നേതാവ് രജ്‌വീര്‍ സിംഗ് പെഹെല്‍വാന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഒത്തുകൂടിയത്. ഹാത്രാസ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് കുറ്റവാളികളെ രക്ഷിക്കാന്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്നത്.
കുറ്റവാളികളെ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും അവര്‍ കുറ്റം ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ വാദം. പാര്‍ട്ടി എന്ന രീതിയിലല്ല, സ്വന്തം നിലയ്ക്കാണ് താന്‍ യോഗത്തില്‍ പങ്കാളിയായതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും ഇവര്‍ പറയുന്നു.
പ്രതികള്‍ക്ക് മേല്‍ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബര്‍ 29ന് പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.
സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ ബന്ധുക്കളും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക