ന്യൂദല്‍ഹി: ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിനെതിരെ അമേരിക്കന്‍ സാങ്കേതിക വിദഗ്ധന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. വിവിധ സേവനങ്ങളെ ബന്ധിപ്പിക്കാന്‍ ശരിയായ രീതിയിലല്ല ഇന്ത്യയില്‍ ആധാര്‍ സംവിധാനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സ്‌നോഡന്‍ കുറ്റപ്പെടുത്തി.
കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രസ്താവനയുമായി സ്‌നോഡന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഹാക്കിംഗിന് അതീതമല്ല ആധാര്‍ എന്നാണ് സ്‌നോഡന്റെ വിമര്‍ശനം.
സേവനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണമെന്നാണ് സ്‌നോഡന്‍ പറഞ്ഞത്. മുന്‍ റോ ഉദ്യോഗസ്ഥന്‍ കെ.സി വര്‍മ്മ ആധാറിനെതിരെ എഴുതിയ ലേഖനം അടിസ്ഥാനമാക്കിയാണ് സ്‌നോഡന്റെ പ്രതികരണം. ടെലികോം കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആധാറിനെ ദുരുപയോഗം ചെയ്യുകയാണെന്നാണ് സ്‌നോഡന്‍ പറയുന്നത്.
അതേസമയം വ്യക്തിവിവരങ്ങള്‍ ഒന്നും തന്നെ ആധാറിന്റെ ഭാഗമല്ലെന്ന് യൂ.ഐ.ഡി.എ.ഐയുടെ വിശദീകരണം നേരത്തേ പുറത്തുവന്നിരുന്നതാണ്. ഇതനുസരിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് , തുടങ്ങിയ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഇല്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍ ബാങ്കുകള്‍, ടെലികോം കമ്പനികള്‍ എന്നിവയെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളുവെന്ന് സ്‌നോഡന്‍ ചൂണ്ടിക്കാട്ടി.