വാഷിങ്ടണ്‍: മുസ്‌ലീങ്ങളോട് അമേരിക്ക വെച്ചു പുലര്‍ത്തുന്നത് അനാവശ്യ ഭയമെന്ന് അമേരിക്കന്‍ മുസ്‌ലീം സഘടനകള്‍. അമേരിക്കന്‍ മുസ്‌ലീം ആക്ടിവിസ്റ്റുകളെ ചാരസംഘടനകളായ എന്‍.എസ്.ഐയും എഫ്.ബി.ഐയും നിരീക്ഷിച്ചതായുള്ള എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മുസ്‌ലീം സംഘടനകള്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വ്യാപകമായ പ്രതിഷേധമാണ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളെതുടര്‍ന്ന് അമേരിക്കന്‍ സര്‍സക്കാരിനെതിരെ മുസ്‌ലീംങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.
[]
മുസ്‌ലീങ്ങള്‍ക്കെതിരായ ഇത്തരം നിരീക്ഷണങ്ങള്‍ അമേരിക്കന്‍ മുസ്ലീംങ്ങളോടുള്ള ഭയത്തില്‍ നിന്നും വരുന്നതാണെന്നും സര്‍ക്കാര്‍ അമേരിക്കന്‍ മുസ്ലീം പൗരന്‍മാരെ ലക്ഷ്യമിടുകയാണെന്നും മുസ്ലീം അഭിഭാഷകരുടെ കൂട്ടായ്മ ഇറക്കിയ പ്രതിഷേധ കുറിപ്പ് വ്യക്തമാക്കി. “വെറും മത വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ മാത്രമാണ് സൈനിക സേവനങ്ങളടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലീം പൗരന്‍മാരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്.” പൗരന്റെ രഹസ്യം സൂക്ഷിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും, ഇത് പൗരസ്വാതന്ത്ര്യത്തെ തകര്‍ക്കുമെന്നും സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
അഞ്ചോളം മുസ്‌ലീം സാമൂഹ്യ പൗരാവകാശ പ്രവര്‍ത്തകരാണ് നിരീക്ഷിക്കപ്പെട്ടത്. നിരീക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. അസിം ഗഫൂര്‍, ഫൈസല്‍ ഗില്‍, അഗ സയ്ദ്, നിഹാദ് അവാദ് തുടങ്ങിയവരാണ് നിരീക്ഷിക്കപ്പെട്ടത്. അസിം ഗഫൂര്‍ ആണ് നിരീക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍.