ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്രയ്ക്കെത്തിയവര്‍ കശ്മീര്‍ താഴ്വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നിര്‍ദേശം. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീര്‍ഥാടകര്‍ കശ്മീര്‍ താഴ്വര വിട്ടുപോകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
അമര്‍നാഥിലേയ്ക്ക് പോകുന്ന വഴിയില്‍ അമേരിക്കന്‍ നിര്‍മിത എം 24 സ്നൈപ്പര്‍ റൈഫിളും കുഴിബോംബുകളുമടക്കം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
‘അമര്‍നാഥ് തീര്‍ഥാടകരെ പാകിസ്താന്‍ പിന്തുണയുള്ള ഭീകരര്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായാണ് തീര്‍ഥാടകരോട് താഴ്‌വരയില്‍ നിന്നും യാത്ര മതിയാക്കി തിരിച്ചു പോകാന്‍ ആവശ്യപ്പെടുന്നത്’- അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സൈന്യവും പൊലീസും അര്‍ധ സൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിടിച്ചെടുത്ത റൈഫിളും സ്ഫോടക വസ്തുക്കളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അധികൃതര്‍ തീര്‍ഥാടകരോട് മടങ്ങിപ്പോകാന്‍ ഉത്തരവിട്ടത്.